loginkerala breaking-news പരാതി നൽകിയ വ്യക്തിയെ താൻ ഇന്ന് വരെ കണ്ടിട്ടില്ല; ഒരു രൂപ പോലും കൈപ്പറ്റിയിട്ടുമില്ല: ഫ്ളാറ്റ് വിവാദത്തിൽ ഷിബു ബേബി ജോൺ
breaking-news Kerala

പരാതി നൽകിയ വ്യക്തിയെ താൻ ഇന്ന് വരെ കണ്ടിട്ടില്ല; ഒരു രൂപ പോലും കൈപ്പറ്റിയിട്ടുമില്ല: ഫ്ളാറ്റ് വിവാദത്തിൽ ഷിബു ബേബി ജോൺ

തിരുവനന്തപുരം: തന്‍റെ പേരിൽ ചുമത്തിയ സാമ്പത്തിക വഞ്ചനാ കേസിൽ പ്രതികരണവുമായി മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണ്‍. 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് ഷിബു ബേബി ജോണിനും കുടുംബത്തിനുമെതിരെ കേസെടുത്തത്. പരാതി നൽകിയ വ്യക്തിയെ താൻ ഇന്ന് വരെ കണ്ടിട്ടില്ലെന്നും താനോ കുടുംബാംഗങ്ങളോ ഒരു രൂപ പോലും ഈ വ്യക്തിയിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറയുന്നു. കുടുംബത്തിന്‍റെ സ്ഥലം ജോയിൻ വെഞ്ച്വർ മാതൃകയിൽ ഫ്ലാറ്റ് നിർമിക്കാൻ നൽകുകയും കൺസ്ട്രക്ഷൻ കമ്പനിയുമായി കരാറിലേർപ്പെടുകയും ചെയ്തു എന്നത് വസ്തുതയാണെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു. എന്നാൽ നാലു വർഷം കൊണ്ട് ഫ്ലാറ്റ് പൂർത്തീകരിക്കേണ്ട നിർമ്മാണ കമ്പനി ഇതുവരെ അത് പൂർത്തിയാക്കാതെ തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പരാതിക്കാരൻ ഇക്കാലയളവിൽ ഒരിക്കൽ പോലും തങ്ങളെ ബന്ധപ്പെടുകയോ നിർമാണ കമ്പനി വാങ്ങിയ അഡ്വാൻസ് തിരിച്ചു ചോദിക്കുകയോ ചെയ്തിട്ടില്ല. താൻ രാഷ്ട്രീയക്കാരൻ ആയതിനാൽ ഇത്തരം കേസിനു പിന്നിലെ ദുരുദ്ദേശം കൃത്യമായി തിരിച്ചറിയാനാകും. എന്നാൽ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതു കൊണ്ടുതന്നെ ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. കള്ളക്കേസ് രജിസ്റ്റർ ചെയ്തതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോക തന്നെ ചെയ്യുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

Exit mobile version