കൊച്ചി: ബ്രോഡ് ബേയിൽ 25 വർഷമായി തുണിക്കച്ചവടം നടത്തുകയാണ് നൗഷാദ്. ചെറിയ തുണികൾ വിറ്റ് അന്നത്തെ അന്നം കഴിച്ചു കൂട്ടിയിരുന്ന നൗഷാദിനെ കേരളം അറിയാൻ തുടങ്ങിയത് 2018ലെ പ്രളയത്തിന് ശേഷമാണ്. തന്റെ കടയിലെ മുഴുവൻ തുണികളും പ്രളയബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിച്ചാണ് നൗഷാദ് കേരളത്തിന് മാതൃകയായത്. അന്ന് തന്റെ കടയിലും പ്രളയം മൂലം വെള്ളം കയറി. കനത്ത നാശനഷ്ടത്തെ വകവയ്ക്കാതെയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ നൗഷാദ് നിറഞ്ഞു നിന്നത് കേരളത്തിന് മാതൃകയായിരുന്നു.അന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ നൗഷാദിന് സംഭവിച്ചെങ്കിലും എല്ലാം പടച്ചവൻ തരും, എല്ലാം അവിടുത്തെ കൃപയെന്നായിരുന്നു നൗഷാദിന്റെ പ്രതികരണം.

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ പ്രളയ ബാധിത സ്ഥലത്തേക്കും നൗഷാദിന്റെ സഹായമെത്തി. തന്റെ കടയിലെ വസ്ത്രങ്ങൾക്കൊപ്പം മറ്റ് സന്നദ്ധ പ്രവർത്തകരുടെ പിന്തുണയോടും കൂടിയാണ് അന്ന് നൗഷാദ് ഉരുൾപ്പൊട്ടൽ ബാധിത ദുരന്ത പ്രദേശത്തേക്ക് സഹായം എത്തിച്ചത്. വസ്ത്രങ്ങളും ഭക്ഷണവും അവിടേക്ക് എത്തിച്ചു. ഏകദേശം രണ്ട് ലോഡ് സാധനങ്ങളാണ് നൗഷാദ് അന്ന് എത്തിച്ചത്.
ഉംറ തീർത്ഥാനടത്തിൽ നിൽക്കുമ്പോൾ വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസമാണ് കനത്ത മഴയെ തുടർന്ന് എറണാകുളത്ത് വെള്ളം പൊങ്ങിയപ്പോൾ ബ്രോഡ് വേയിൽ പ്രവർത്തിക്കുന്ന തന്റെ ഒറ്റമുറി കടയിലും വെള്ളം കയറിയത്. വസ്ത്രങ്ങൾ എല്ലാം അഴുക്ക് വെള്ളം കയറി നാശമായി. പല തുണികളും വിൽക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ഒക്ടോബർ എട്ടിന് മക്കയിൽ പ്രാർത്ഥനയ്ക്കായി പോകുമ്പോഴാണ് കടയിൽ വെള്ളം കയറിയ വിവരം അറിയുന്നതെന്ന് നൗഷാദ് പ്രതികരിച്ചത്. ഈശ്വരൻ എന്തെങ്കിലും വഴി കാണിക്കുമെന്നെയാരുന്നു നൗഷാദിന്റെ പ്രാർത്ഥന. വെള്ളംകയറി നാശമായ തുണികൾ ഇനി വിൽപ്പനയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. ആരെങ്കിലും വാങ്ങാൻ വന്നാലും പകുതി വിലയ്ക്കോ സൗജന്യമായോ കൊടുക്കേണ്ടി വരും. നിർധരരായവർ ആരെങ്കിലും വന്നാൽ തുണികൾ നൽകി സഹായിക്കുമെന്നാണ് നൗഷാദിന്റെ പ്രതികരണം.

രണ്ടു മക്കൾ അടങ്ങിയ കുടുംബം
മട്ടാഞ്ചേരി സ്വദേശിയായ നൗഷാദ് കഴിഞ്ഞ ഏതാനം വർഷമായി വൈപ്പിനിലാണ് സ്ഥിര താമസം. സ്വന്തമായി ചെറിയൊരു വീടും നൗഷാദിനുണ്ട്. ഭാര്യ നിസയാണ് എല്ലാത്തിനും സഹായം. മകൾ ഫർസാനയുടെ വിവാഹം കഴിഞ്ഞു. പത്ത് പൈസ പോലും സ്ത്രിധനം വാങ്ങാതെ വിവാഹം കഴിക്കാൻ യുവാവ് സന്നദ്ധനായതോടെ നാഷാദ് മകളെ വിവാഹം കഴിച്ചു കൊടുത്തു. വിവാഹ ശേഷവും മകൾ ഫർസാന പഠനം തുടരുന്നുണ്ട്. മകൻ ബി.ബി.എ പഠന ശേഷം കുവൈറ്റിൽ ജോലി അന്വേഷണത്തിലാണ്. വലിയ ബാധ്യതകളൊന്നുമില്ലാതെയാണ് മകളുടെ വിവാഹം നടത്തിയത്. ചില വ്യക്തികളിൾക്ക് നൽകാനുള്ള കുറച്ച് കടം നൗഷാദിനുണ്ടെന്നും പ്രതികരിക്കുന്നു. പല വ്യക്തികളും മുൻപ് സഹായഹസ്തങ്ങൾ നീട്ടിയെങ്കിലും സ്നേഹപൂർവം നൗഷാദ് അത് നിരാകരിച്ചിരുന്നു. എല്ലാം ദൈവം തന്നതാണെന്നും ദൈവം തന്നെ മുന്നോട്ടുള്ള ജീവിതത്തിന് മാർഗം കാട്ടി തരുമെന്നും നൗഷാദ് പ്രതികരിക്കുന്നത്.

Leave feedback about this