ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഇസ്രായേൽ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. ‘ഗസ്സ നഗരത്തിലെ അൽ ഷിഫ ആശുപത്രിക്കു പുറത്ത് ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ലേഖകൻ അനസ് അൽ ഷെരീഫ് ഉൾപ്പെടെ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നു. ’ – ആക്രമണത്തെക്കുറിച്ച് ഓൺലൈനായി നടത്തിയ ചർച്ചക്കു പിന്നാലെ യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ അറിയിച്ചു.
അല്‍ ജസീറ ലേഖൻമാരായ അനസ് അല്‍ ഷെരീഫ്, സഹ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്രീഖ്, ഫോട്ടോഗ്രാഫര്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷെരീഫ് ഹമാസിന്റെ ‘ഭീകര സെല്ലിന്’ നേതൃത്വം നൽകിയെന്നും ഇസ്രായേലികൾക്കെതിരെ ‘റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നതിന്’ ഉത്തരവാദിയാണെന്നും കൊലയെ ന്യായീകരിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ആരോപിച്ചിരുന്നു. എന്നാൽ, ഇസ്രായേലിന്റെ ആരോപണം യൂറോപ്യൻ യൂനിയൻ മുഖവിലക്കെടുത്തില്ലെന്നാണ് പുതിയ പ്രസ്താവനയിലൂടെ വെളിപ്പെടുന്നത്. മാധ്യമപ്രവർത്തകരെ ലക്ഷ്യം വെയ്ക്കുന്നത് ഒഴിവാക്കാൻ, ഇത്തരം ആരോപണങ്ങൾക്ക് നിയമാനുസൃതമായതും വ്യക്തമായതുമായ തെളിവുകൾ നൽകേണ്ടതുണ്ടെന്ന് യൂറോപ്യൻ മുന്നണിയുടെ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു.

Leave feedback about this