ന്യൂഡൽഹി: : ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഇന്ത്യാ സംഖ്യത്തിൽ പടലപ്പിണക്കങ്ങൾ. ആദ്യം വെടിപൊട്ടിച്ച് രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യൻ നാഷണൽ ലീഗ് തന്നെയാണ്. ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് ഇറക്കിയതിൻറെയും ബി.ജെ.പിയുടെ മുന്നേറ്റം ഉറപ്പാക്കുന്നതിൻറെയും പൂർണ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് ഐ.എൻ.എൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ വിജയിച്ച ഇന്ത്യാ സഖ്യം പരീക്ഷണത്തെ അട്ടിമറിച്ച് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ ധാർഷ്ട്യം കാണിച്ചതാണ് ഡൽഹിയിൽ കാവി രാഷ്ട്രീയത്തിൻറെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന് ലീഗിന്റെ കുറ്റപ്പെടുത്തൽ.
മതേതര വോട്ടുകൾ ഭിന്നിപ്പിച്ചപ്പോൾ ബി.ജെ.പിക്ക് നിഷ്പ്രയാസം ജയിച്ചു കയറാൻ കഴിഞ്ഞു. മതേതര കക്ഷികളായ എസ്.പിയും തൃണമുൽ കോൺഗ്രസും മറ്റും ആപിന് പുന്തുണ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ആപ്പിനെതിരെയായിരുന്നു മുഖ്യമായും പ്രചരണം നടത്തിയിരുന്നത്. കെജ്രിവാളിനെ പരാജയപ്പെടുത്തേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന രീതിയിലാണ് കോൺഗ്രസ് പെരുമാറിയത്.ഒരൊറ്റ സീറ്റിലും ജയിക്കാനാകാതെ ദയനീയമായി പരാജയപ്പെട്ടതു തന്നെ കോൺഗ്രസിന് ജനം നൽകിയ ശിക്ഷയാണ്. 12 സംവരണ സീറ്റുകളിൽ എട്ടിലും കെജ്രിവാളിൻറെ പാർട്ടി ജയിച്ചത് സാധാരണക്കാർക്കിടയിൽ ഇപ്പോഴും സ്വാധീനമുണ്ടെന്നതിൻറെ തെളിവാണ്.
അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കെള്ളുന്നില്ല എന്നതാണ് കോൺഗ്രസിൻറെ ഏറ്റവും വലിയ തലവിധി.ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ മതേതര കക്ഷികൾ ഒരുമിച്ച് മുന്നേറണമെന്ന ആശയത്തെ അതിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് തന്നെയാണ് പരാജയപ്പെടുത്തിയത്. ഈ ജനവിധി മതേതര ഇന്ത്യയുടെ ഭാവിക്ക് കരിനിഴൽ വീഴ്ത്തുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.അതേസമയം രണ്ട് പതിറ്റാണ്ടിന്റെ കോൺഗ്രസ്-ആപ്പ് ഭരണം അവസാനിപ്പിച്ചാണ് ബി.ജെ.പി തേരോട്ടം. അരവിന്ത് കെജ്രിവാളും സിസോദയയും അടക്കം ദാരുണമായ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ആദ്യ ഘട്ടത്തിൽ അരവിന്ദ് കെജ്‌രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കൾ പിന്നിലായി. ദക്ഷിണ ഡൽഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡൽഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ ഡൽഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തിൽ കണ്ടത്. ദക്ഷിണ ഡൽഹിയിലെ 15 നിയമസഭാ സീറ്റുകളിൽ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. പ്രമുഖ നേതാക്കൾക്ക് കാലിടറി തുടങ്ങിയതോടെ എ.എ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. അധികാരത്തിലേക്ക് ബി.ജെ.പിയുടെ ചുവട്.
2020-ൽ 62 സീറ്റുനേടിയാണ് ആം ആദ്മി പാർട്ടി ഭരണം പിടിച്ചത്. 2015-ൽ ആം ആദ്മി പാർട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എൽ.എമാർ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയിൽ കോൺഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. ഇത്തവണ 45-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ചത്. വൻ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. ശമ്പളപരിഷ്കരണവും ബജറ്റിലെ ചരിത്രപ്രഖ്യാപനങ്ങളും കൊണ്ട് ബി.ജെ.പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടു. എ.എ.പി കോട്ടകൾ പൊളിഞ്ഞുവീണത് ഇതിന് സാക്ഷ്യവുമാണ്.
ക്ഷേമവാഗ്ദാനങ്ങളിലൂടെ മധ്യവർഗത്തിന്റേയും ദരിദ്രവിഭാഗങ്ങളുടേയും പിന്തുണ ആവർത്തിക്കാമെന്ന ആം ആദ്മി പാർട്ടിയുടെ പ്രതീക്ഷ തെറ്റി. ബജറ്റിലൂടെ ബി.ജെ.പിയുടെ മറുപടി. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണിത്.റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ടെന്നുള്ള ബജറ്റിലെ ചരിത്രപ്രഖ്യാപനം ബി.ജെ.പിക്ക് നേട്ടമായി.