loginkerala breaking-news ‘മോന്‍താ’ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ ബാക്കി; ട്രെയിൻ ​ഗതാ​ഗതവും വിമാന സർവീസുകളും റദ്ദാക്കി
breaking-news India

‘മോന്‍താ’ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ ബാക്കി; ട്രെയിൻ ​ഗതാ​ഗതവും വിമാന സർവീസുകളും റദ്ദാക്കി

അമരാവതി: ‘മോന്‍താ’ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത.ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്‌സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗര്‍- എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു.

വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറു ഫ്‌ലൈറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍താ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡിഷ, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവര്‍ത്തകരെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version