കൊച്ചി: നടി വിൻസി അലോഷ്യസിൻ്റെ പരാതിയിൽ നേരിട്ട് വിശദീകരികരണം നൽകാൻ നടൻ ഷൈൻ ടോം ചാക്കോ നീക്കം. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ട് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഷൈനിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്. പൊലീസ് അന്വേഷണവുമായും ഷൈൻ സഹകരിക്കും. വിൻസിയുടെ പരാതിയിൽ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈനിൻ്റെ നീക്കം. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്.
ഷൈനിന് ഇ മെയിൽ വഴി സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ കത്ത് വന്നെന്ന് ഷൈനിന്റെ കുടുംബം പറഞ്ഞു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈൻ അന്വേഷണവുമായി സഹകരിക്കുമെന്ന് ഷൈന്റെ കുടുംബവും സ്ഥിരീകരിച്ചു. അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.