വാഷിങ് ടൺ ഡി.സി: ഇന്ത്യയ്ക്ക് മേൽ കനത്ത താരിഫ് ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഇന്ത്യക്കെതിരെയുള്ള താരിഫുകൾ യുഎസിന് മോശം ഫലമായിരിക്കും ഉണ്ടാകുകയെന്ന് ജോൺ ബോൾട്ടൺ മുന്നറിയ്പ്പ് നൽകി.
താരിഫ് നീക്കം തിരിച്ചടിച്ചെന്നും ചൈനയെ ഒഴിവാക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയെന്നും യുഎസ് ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേൽ കനത്ത തീരുവ ചുമത്തിയ വഴി ട്രംപ് ഇന്ത്യയെക്കാൾ ചൈനയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബോൾട്ടൺ ആരോപിക്കുന്നത്.ഏപ്രിലിൽ ചൈനയുമായി ഒരു ചെറിയ വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ട്രംപ് പിന്നീട് ഒരു കരാർ ഉണ്ടാകുന്നതുവരെ സംഘർഷം ഒഴിവാക്കി. അതേസമയം യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്ന് അവകാശപ്പെട്ടതിന് 25 ശതമാനം ഇരട്ട ചുങ്കം ഉൾപ്പെടെ 50 ശതമാനത്തിലധികം തീരുവകൾ ഇന്ത്യയ്ക്ക് മേൽ ചുമത്തുകയും ആയിരുന്നു.
റഷ്യയെ ദോഷകരമായി ബാധിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഇരട്ട ചുങ്കം ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും ഒരുപക്ഷേ അവരെ യുഎസിനെതിരെ ഒരുമിച്ച് ചർച്ചകൾ നടത്താൻ പ്രേരിപ്പിക്കുമെന്നും സിഎൻഎന്നിനോട് സംസാരിക്കവെ ബോൾട്ടൺ വ്യക്തമാക്കി.ചൈനയോടുള്ള ട്രംപിന്റെ ദയയും ഇന്ത്യയ്ക്കുമേലുള്ള കനത്ത തീരുവകളും റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഇന്ത്യയെ അകറ്റാനുള്ള പതിറ്റാണ്ടുകളായുള്ള അമേരിക്കൻ ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിൽ ചൈനയോടുള്ള ട്രംപിന്റെ സൗമ്യമായ നിലപാട് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഒരു കരാറിനു വേണ്ടിയുള്ള ആവേശം അമേരിക്കയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെ ബലികഴിക്കുന്നതായി കാണാമെന്നും ബോൾട്ടൺ വ്യക്തമാക്കി. ഇന്ത്യക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഇളവ് താരിഫ് നിരക്കുകളിലും മറ്റും യുഎസ് ചൈനയോട് കാണിച്ചാൽ അത് വലിയൊരു തെറ്റായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.