കുട്ടികൾക്ക് സി.പി.ആർ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നു; അമിത വ്യായാമവും വില്ലനായേക്കും
യുവാക്കൾക്കിടയിൽ അപ്രതീക്ഷിതമായ ഹൃദയസ്തംഭന മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം നൽകുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (സിപിആർ) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാരിനോട് കെജിഎംഒഎ ആവശ്യപ്പെടുന്നത്. അടുത്തിടയായി നിരവധി സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഓണാഘോഷത്തിനിടയിൽ കേരള നിയമസഭയിലെ ലൈബ്രറി ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചതുൾപ്പടെ ഒരുപാട് സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ഹൃദയാഘാതം വന്ന് മരിച്ച യുവാവിന്റെ വാർത്തയും നമ്മൾ കണ്ടു കേരളത്തിലെ പ്രമുഖ അവതാരകനും നടനുമായ രാകേഷ് കേശവ് പോലും ഹൃദയാഘാതത്തിൽ ചികിത്സയിൽ തുടരുകയാണ്.
മുൻപ് 60 പിന്നിട്ടവരിലെ അസുഖമായിരുന്നു ഇത്. ഇന്ന് 25-45 പ്രായത്തിൽ ഹാർട്ട് അറ്റാക്ക് വരുന്നവരുടെ എണ്ണം വളരെക്കൂടി. ചെറുപ്പക്കാരിൽ അറ്റാക്ക് വരുന്നവരിൽ 25 ശതമാനം 30 വയസ്സിൽ കുറവുള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ശരീരവടിവിനും സിക്സ് പാക്കിനുമൊക്കെയായി സമയപരിധിയില്ലാതെ ചെയ്യുന്ന അമിത വ്യായാമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. ശരീരത്തിന് പറ്റാവുന്നതിലുമപ്പുറം വലിച്ചിഴച്ചാൽ ഹൃദയം താങ്ങില്ല. മിതമായ വ്യായാമം ആഴ്ചയിൽ 150 മിനിറ്റു മതി. തീവ്ര വ്യായാമം 75 മിനിറ്റും. പലരും 300 മുതൽ 450 മിനിറ്റുവരെ ആഴ്ചയിൽ കഠിന വ്യായാമം ചെയ്യുന്നു. അപ്പോൾ ഓവർ ട്രെയിനിങ് സിൻഡ്രോം (ഒ.ടി.എസ്.) എന്ന അവസ്ഥ വരും. അമിത വ്യായാമം ചെയ്യുന്ന ഭൂരിഭാഗമാളുകളിലും ഒ.ടി.എസ്. കാണാറുണ്ട്.
കൃത്യസമയത്ത് ശരിയായ വിധത്തിൽ നൽകുന്ന സിപിആർ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ, സിപിആർ മറ്റ് പ്രാഥമിക ശുശ്രൂഷാ രീതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കോളേജുകളിലും സിപിആർ ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. വിവിധ മേഖലകളിലുള്ളവർക്കായി സിപിആർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
പൊതുജനങ്ങൾക്കായി സിപിആർ സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സംഘടന പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.
ഓരോ ജീവനും അമൂല്യമാണ്. പൊതുജനങ്ങളിൽ സിപിആർനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും അവർക്ക് പരിശീലനം നൽകുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.
Leave feedback about this