കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാമെന്നിരിക്കെ കണ്ണൂരില്‍ പ്രഖ്യാപിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരണവുമായി വിവാദ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വ്യക്തി മൂന്ന് തവണ മത്സരിക്കുന്നത് സിപിഎമ്മില്‍ അപൂര്‍വ്വ കാര്യമാണെന്നും പാര്‍ട്ടി അത്ര വലിയ പരിഗണന നല്‍കിയെന്നും പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതലയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി. സിപിഐഎം തനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല…ഇതൊക്കെ മറച്ചു വെച്ച് വാര്‍ത്താദാരിദ്ര്യം കാണിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് മാധ്യമങ്ങളെന്നാണ് ആക്ഷേപം. ഫേസ്ബുക്കിലൂടെയായിരുന്നു പി.പി. ദിവ്യയുടെ പ്രതികരണം വന്നിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ ഇന്നലെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രഖ്യാപിച്ചത്. ഇതില്‍ പി.പി. ദിവ്യയുടെ പേര് ഒഴിവാക്കിയിരുന്നു. 16 പേരുടെ പട്ടികയയില്‍ 15 പേരും പുതുമുഖങ്ങളാണ്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.വി. പവിത്രനാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ആരോപണ വിധേയയാണ് പി.പി. ദിവ്യ. കേസിന് പിന്നാലെ ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.ഐ.എം മാറ്റിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് :
സി.പി.ഐ.എം തനിക്ക് വലിയ പരിഗണന നല്‍കിയെന്നും അത്രത്തോളം പരിഗണന ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും പി.പി. ദിവ്യ കുറിച്ചു. ”സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂര്‍വമാണെന്ന്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വര്‍ഷം പൂര്‍ത്തിയാക്കി. സിപിഐഎം എനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല…ഇതൊക്കെ മറച്ചു വെച്ച് വാര്‍ത്ത ദാരിദ്ര്യം കാണിക്കാന്‍ ഓരോ വാര്‍ത്തയുമായി വന്നു കൊള്ളും…” എന്നാണ് ദിവ്യയുടെ വിമര്‍ശനം.
