loginkerala breaking-news കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌: വയനാട്ടിൽ പഞ്ചായത്തംഗം ജീവനൊടുക്കി
breaking-news

കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌: വയനാട്ടിൽ പഞ്ചായത്തംഗം ജീവനൊടുക്കി

പുൽപ്പള്ളി : കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോരിൽ വയനാട്ടിൽ പഞ്ചായത്ത്‌ അംഗം ജീവനൊടുക്കി. മുള്ളൻകൊല്ലി പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ മെമ്പറും കോൺഗ്രസ്‌ പ്രവർത്തകനുമായ പെരിക്കല്ലൂർ മൂന്നുപാലം നെല്ലേടത്ത്‌ ജോസ്‌(57) ആണ്‌ മരിച്ചത്‌. വെള്ളി രാവിലെ ഒൻപതോടെ വീടിന്‌ സമീപത്തെ കുളത്തിൽ ചാടിയ നിലയിലാണ്‌ കണ്ടത്‌. കൈ ഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്‌. അയൽപ്പക്കക്കാർ കുളത്തിൽനിന്നെടുത്ത്‌ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ബത്തേരിയിലെ താലൂക്ക്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാസങ്ങളായി മുള്ളൻകൊല്ലിയിൽ കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌ ശക്തമാണ്‌. മുള്ളൻകൊല്ലി രണ്ടാം വാർഡ്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനെ തുടർന്ന്‌ പോര്‌ കലാപമായി. തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടകവസ്‌തുക്കളും കർണാടക മദ്യവും കൊണ്ടുവച്ച്‌ പൊലീസിന്‌ രഹസ്യവിവരം നൽകി പിടിപ്പിക്കുകയായിരുന്നു. ഇതിൽ ജോസ്‌ നെല്ലേടം ആരോപണ വിധേയനായിരുന്നു.

സ്‌ഫോടക വസ്‌തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ കൊണ്ടുവച്ചതാണെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തുകയും ഒരാളെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. തുടർന്നാണ്‌ നിരപരാധിയാണെന്ന്‌ കണ്ട്‌ തങ്കച്ചനെ ജയിലിൽനിന്ന്‌ വിട്ടയച്ചത്. ജയിൽ മോചിതനായ തങ്കച്ചൻ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ചു. ഗൂഢാലോചനയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ ജോസ്‌ നെല്ലേടം ജീവനൊടുക്കിയത്‌.

Exit mobile version