തിരുവനന്തപുരം: ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് പണം വാങ്ങിയെന്ന പരാതിയിലാണ് പോലീസിന്റെ നടപടി. കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ 40 സെന്റ് ഭൂമിയുണ്ട്. സ്ഥലത്ത് ഫ്‌ളാറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബുവും കുടുംബവും ആന്റ ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു. ഫ്‌ളാറ്റുകൾ നിർമിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു കരാർ.ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ആന്റ ബിൽഡേഴ്‌സിന് 2020-ൽ രണ്ടുതവണയായി അലക്‌സ് 15 ലക്ഷം രൂപ കൈമാറി. ധാരണാപത്രത്തിൽ ഒപ്പിടുമ്പോൾ ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നതായി അലക്‌സിന്റെ പരാതിയിൽ പറയുന്നു. വർഷങ്ങൾ കഴിയവെ കമ്പനിക്ക് കാര്യമായ സാമ്പത്തിക തകർച്ചയുണ്ടാവുകയും ഫ്‌ളാറ്റ് നിർമിച്ച് നൽകാൻ കഴിയാതെവരികയും ചെയ്തു.
പിന്നാലെ, ഫ്‌ളാറ്റ് നിർമിച്ച് തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ട് അലക്‌സ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇത് മെഡിക്കൽ കോളജ് പോലീസ് അന്വേഷിച്ചെങ്കിലും സിവിൽ കേസെന്നതിനാൽ തള്ളിയിരുന്നു. പിന്നാലെയാണ് അലക്സ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി രംഗത്തെത്തിയത്.
