മൂവാറ്റുപുഴ: കെ.എസ്.ആർ.ടിസി ബസിൽ കോളജ് വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചതരിച്ചതോടെ വിവാദങ്ങൾക്കും കളമൊരുങ്ങി. ബസ് വാടകയ്ക്കെടുത്തായിരുന്നു ഓണാഘോഷം. ബസിന്റെ ഫുട്ബോഡിൽ നിന്ന് അപകടകരമായി യാത്രചെയ്യുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷയാത്ര. വിദ്യാർത്ഥികൾ ബസ്സിനകത്ത് അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ കാറുകളും എസ് യു വികളുമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സാഹസിക യാത്ര. പെൺകുട്ടികളടക്കം വിദ്യാർത്ഥികൾ ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമാണ് യാത്ര ചെയ്തത്. ചിലർ അപകടകരമായ രീതിയിൽ തല ജനലിൽക്കൂടി പുറത്തേക്ക് നീട്ടി ആർപ്പു വിളിച്ചു. ബസിന്റെ വാതിൽ അടയ്ക്കാതെയാണ് യാത്ര തുടരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എസ് യു വി അടക്കമുള്ള കാറുകളുടെ ഡോറുകളിലും ബോണറ്റിലും വിദ്യാർത്ഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികരണങ്ങൾ രൂക്ഷമായി.
സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ പങ്കും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം അപകടകരമായ യാത്ര അവർ അനുവദിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല. നിയമലംഘനത്തിന് സാധ്യതയുള്ള നടപടിയാണ് വിദ്യാർത്ഥികൾ നടത്തിയതെന്നാണ് പൊതു വിലയിരുത്തൽ.
Leave feedback about this