loginkerala breaking-news എയിംസ്, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം കേന്ദ്ര സഹായം ഉറപ്പാക്കി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; കേന്ദ്രമന്ത്രിമാരെയും കണ്ടു; കേരള നീക്കം കേന്ദ്രത്തെ ഇണക്കി
breaking-news India

എയിംസ്, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം കേന്ദ്ര സഹായം ഉറപ്പാക്കി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; കേന്ദ്രമന്ത്രിമാരെയും കണ്ടു; കേരള നീക്കം കേന്ദ്രത്തെ ഇണക്കി

ന്യുഡൽഹി: സംസ്ഥാനം ഉന്നയിക്കുന്ന ഗൗരവ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 2,221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും അദ്ദേഹത്തിന്റെ പിന്തുണ സംസ്ഥാനം ആവശ്യപ്പെട്ടു.

ഐ ജി എസ് ടി റിക്കവറി തിരികെ നല്‍കല്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന, കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി, സംസ്ഥാനത്ത് ഒരു സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചർ(എസ്പിഎ) സ്ഥാപിക്കൽ, കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടന്‍ അനുവദിക്കുന്ന കാര്യം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ടു തന്നെ എത്രയും വേഗത്തില്‍ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അറിയിച്ചു. ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു.

സംസ്ഥാനത്തിന് എയിംസ് അനുവദിക്കണം: നദ്ദയോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം മുഖ്യമന്ത്രി ആവർത്തിക്കുകയും സംസ്ഥാനത്തിന്റെ പ്രധാന ആരോഗ്യ സംരക്ഷണ മുൻഗണനകളെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രായമായവരുടെ ജനസംഖ്യ സംബന്ധിച്ച് വിശദീകരിച്ച മുഖ്യമന്ത്രി ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവും അറിയിച്ചു.

Exit mobile version