loginkerala lk-special ആറ് പേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുന്നു; കേരളത്തിന്റെ മാതൃക: ഐസക് ജോർജിനെ സ്മരിച്ച് മുഖ്യമന്ത്രി
lk-special

ആറ് പേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുന്നു; കേരളത്തിന്റെ മാതൃക: ഐസക് ജോർജിനെ സ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിനെയും നാട്ടുകാരെയും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഐസക് ജോർജ് ഒടുവിൽ ആറുപേർക്ക് ജീവിതം നൽകി യാത്രയായി. പ്രിയപ്പെട്ടവൻ മരി​ച്ചെങ്കിലും അദ്ദേഹത്തിന്റെ ഹൃദയവും കണ്ണും കരളും വൃക്കകളും പാൻക്രിയാസും പല മനുഷ്യരിലായി സ്പന്ദിച്ചുകൊണ്ടിരിക്കും. തലവൂർ വടകോട് ബഥേൽ ചരുവിള വീട്ടിൽ ഐസക്ക് ജോർജ്(33) കഴിഞ്ഞ ശനിയാഴ്ചയാണ് കൊട്ടാരക്കര കിഴക്കേതെരുവിൽ വാഹനമിടിച്ച് മരിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഐസക് ജോർജ്ജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൈകാലുകൾ ഒടിഞ്ഞ്, തലച്ചോറിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ ആറ് ദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു ഐസക്. ഇന്നലെ ഉച്ചയോടെയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കളുമായി ആലോചിച്ച് അവയവദാനത്തിന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ഐസക്കിന്റെ വിയോ​ഗത്തിലും സത്പ്രവർത്തിയിലും കുറിപ്പുമായി എത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മുടെ നാടെന്നും കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവയും ദാനം ചെയ്‌ത് 2 പേർക്ക് കാഴ്ചയും നാലുപേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുകയാണെന്നും ബന്ധു മിത്രാതികളുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:-

മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മുടെ നാട്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോർജിൻ്റെ ഹൃദയം എറണാകുളം സ്വദേശി അജിന് വിജയകരമായി എത്തിച്ചു നൽകിയിരിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഹൃദയം വഹിച്ചുകൊണ്ടുള്ള യാത്ര സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് വഴിയാണ് പൂർത്തിയാക്കിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയവും വൃക്കകളും ഉൾപ്പെടെ 6 അവയവങ്ങൾ ദാനം ചെയ്യാൻ ഐസക്കിന്റെ ബന്ധുക്കള്‍ മുന്നോട്ടുവന്നതോടെയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് തുടക്കമാവുന്നത്. അവയവദാനത്തിന് ഐസക്ക് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് നമുക്കേവർക്കും പ്രചോദനപരമായ കാര്യമാണ്. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവയും ദാനം ചെയ്‌ത് 2 പേർക്ക് കാഴ്ചയും നാലുപേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുകയാണ്. ഐസക് ജോർജിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Exit mobile version