loginkerala breaking-news സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി ; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
breaking-news

സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി ; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: ജഗദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്ക് രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാവിലെ 10 നു രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി വിജയിച്ചത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല. എന്നാല്‍ മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുത്തു. ബി. സുദര്‍ശന്‍ റെഡ്ഡിയെ 300നെതിരേ 452 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആകെയുള്ള 781 എം.പിമാരില്‍ 767 പേരാണു വോട്ട് രേഖപ്പെടുത്തിയത്. 15 വോട്ടുകള്‍ അസാധുവായി. 315 എം.പിമാരുടെ പിന്തുണയാണു പ്രതിപക്ഷത്തിനുണ്ടായിരുന്നത്. പ്രതീക്ഷിച്ചതില്‍നിന്ന് 15 വോട്ടുകളുടെ കുറവാണു പ്രതിപക്ഷത്തിനുണ്ടായത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണു രാധാകൃഷ്ണനു ലഭിച്ചത്. 2022ല്‍, ജഗദീപ് ധന്‍ഖര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെ ഏറ്റവും വലിയ മാര്‍ജിനോടെയാണ് പരാജയപ്പെടുത്തിയത്. അദ്ദേഹം 528 വോട്ടുകളും ആല്‍വ 182 വോട്ടുകളും നേടി. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കഴിഞ്ഞ ജൂലൈ 12-ന് രാജിവച്ചതോടെയാണു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Exit mobile version