കൊച്ചി: ബൗദ്ധീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ബഡ്സ് ഒളിമ്പിയ 2025 കായികമേളയുടെ ജില്ലാതല മത്സരം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിജയകരമായി നടന്നു. ജില്ലയിലെ 47-ഓളം ബഡ്സ് വിദ്യാലയങ്ങളിൽ നിന്നായി 300-ൽ അധികം മത്സരാർത്ഥികൾ ഈ കായികമാമാങ്കത്തിൽ പങ്കെടുത്തു. സബ് ജൂനിയർ,ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി വീൽചെയർ
റേസ് ഉൾപ്പെടെ 37 മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരങ്ങളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ബി.ആർ.സി വടവുകോട് (പുത്തൻകുരിശ്) 33 പോയിന്റ് നേടി കിരീടം ചൂടി. ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ചെല്ലാനം 32 പോയിന്റോടെ രണ്ടാം സ്ഥാനവും ബഡ്‌സ് സ്പെഷ്യൽ സ്കൂൾ കിഴക്കമ്പലം 29 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.സബ് ജൂനിയർ ചാമ്പ്യൻ ഹെയിൽ മേരി( ചെല്ലാനം ബഡ്‌സ് സ്പെഷ്യൽ സ്കൂൾ), ജൂനിയർ ചാമ്പ്യൻ അനോയിന്റ് അരവിന്ദ് (ആശ ഭവൻ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ, വേങ്ങൂർ ), സീനിയർ ചാമ്പ്യൻ ശരണ്യ ശശി (ബി ആർ സി, വടവുകോഡ് ) എന്നിവരും കരസ്ഥമാക്കി.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ജില്ലാ ബഡ്സ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി. എം. റജീന അധ്യക്ഷത വഹിച്ചു. കൊച്ചി വെസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ നബിസ ലതീഫ് ആശംസകൾ നേർന്നു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. സി. അനുമോൾ നന്ദി പ്രകാശിപ്പിച്ചു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്കുള്ള സമ്മാനദാനം സമാപന സമ്മേളനത്തിന്റെ വിശിഷ്ടാതിഥിയായ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ നിർവഹിച്ചു. കുട്ടികൾക്കും മത്സരഭൂമിയിലെ അനുഭവം വേറിട്ട ഒന്നായി.ബഡ്സ് ഒളിമ്പിയ ബൗദ്ധീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച വേദിയാകുന്നതായി വീണ്ടും തെളിയിച്ചു.ഈ മേള വരും വർഷങ്ങളിലും കൂടുതൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് “ബഡ്സ് ഒളിമ്പിയ 2025” കൊടിയിറങ്ങിയത്.