കൊച്ചി: നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂരെന്ന താക്കീതുമായി ഹൈക്കോടതി. ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തതില്‍ കൃത്യമായി മറുപടി വേണമെന്ന് കോടതി പറഞ്ഞു.ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നെന്നാണ് ബോബിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
കേസ് 1:45ന് വീണ്ടും പരിഗണിക്കും. ഈ സമയത്ത് വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ ശേഷം ബോബി മാധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്. അതിന് ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്. കോടതിക്കെതിരേ യുദ്ധപ്രഖ്യാനമാണോയെന്നും ബോബി നിയമത്തിന് മുകളിലാണോയെന്നും കോടതി ചോദിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. ബോബിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് സ്വമേധയായുള്ള നടപടി.ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്. ഇതില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.