ഓഗസ്റ്റ്, ലോകമെന്പാടുമുള്ള വാനനിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട മാസം! നിരവധി ആകാശവിസ്മയങ്ങൾ നേരിട്ടും കാണാമെന്നതാണ് ഓഗസ്റ്റിലെ പ്രത്യേകത. ഏറ്റവും പ്രശസ്തമായ ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റിൽ കാണാം. ഓഗസ്റ്റ് 12-13 രാത്രികളിൽ പെർസീഡ്സ് അതിന്റെ ഉച്ചസ്ഥായിയിലെത്തും.
ഏറ്റവും പ്രചാരമുള്ള വാർഷിക ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ ഉച്ചസ്ഥായിയിലെത്തും. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് 24 വരെ സജീവമായിരിക്കുമ്പോൾ, ഈ രണ്ട് രാത്രികൾ ഏറ്റവും തീവ്രമായിരിക്കുമെന്ന് ജ്യോതിശാസ്ത്രകാരന്മാർ പറയുന്നു. മണിക്കൂറിൽ 150 ഉൽക്കകൾ വരെ അല്ലെങ്കിൽ മിനിറ്റിൽ രണ്ടു മുതൽ മൂന്നുവരെ ഉൽക്കകൾ വർഷിക്കാമെന്ന് ഗവേഷകർ പറയുന്നു. പൂർണചന്ദ്രദിനമായ ഒന്പതിന് ഉൽക്കാവർഷക്കാഴ്ച തടസമായേക്കാം.
കാണാം ഇന്ത്യയിൽ
ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ ഉൽക്കാവർഷം മനോഹരമായി കാണാം. 13ന് അർധരാത്രി മുതൽ സൂര്യോദയത്തിനു തൊട്ടുമുമ്പുവരെയുള്ള സമയമാണ് കാഴ്ചയ്ക്ക് ഏറ്റവും അനുയോജ്യം. സ്പിതി, ലഡാക്ക്, റാൻ ഓഫ് കച്ച്, കർണാടക, ഉത്തരാഖണ്ഡ് വിദൂരദേശങ്ങളിൽ സുഗമമായി കാണാം.
ഓഗസ്റ്റ് 26 ന്, ഇന്ത്യൻ സമയം രാത്രി 8.15ഓടെ പടിഞ്ഞാറൻ ആകാശത്ത് നേർത്ത ചന്ദ്രക്കലയ്ക്കു സമീപത്തായി ചൊവ്വ പ്രത്യക്ഷപ്പെടും. ചക്രവാളത്തിൽ താഴ്ന്ന നിലയിൽ ദൃശ്യമാകുന്ന ഈ ജോഡി ഒരു മണിക്കൂറോളം അടുത്തുതന്നെ തുടരും. ദൂരദർശിനിയോ ബൈനോക്കുലറോ ഇല്ലാതെ ഈ ആകാശവിസ്മയം നമുക്കു നേരിട്ടുകാണാം.
ഓഗസ്റ്റ് 11-12ന് ശുക്രൻ-വ്യാഴം സംയോജനം.
ഓഗസ്റ്റ് 12 (അതിരാവിലെ) ശുക്രനും വ്യാഴവും ഒരുമിച്ച് ഉദിക്കുന്നു (രണ്ട് ഗ്രഹങ്ങളും അടുത്തടുത്തായി ഉദിക്കും, രണ്ട് തിളക്കമുള്ള നക്ഷത്രങ്ങൾ പോലെ ദൃശ്യമാകും).
ഓഗസ്റ്റ് 19-20 ശുക്രനും വ്യാഴവും ഉൾപ്പെടുന്ന ചന്ദ്രക്കല. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ആകാശത്ത് ചന്ദ്രക്കലയോടൊപ്പം രണ്ട് ഗ്രഹങ്ങളെയും ഒന്നിച്ചുകാണാം.ഓഗസ്റ്റ് 19ന് കിഴക്കൻ ആകാശത്ത് സൂര്യോദയത്തിന് മുമ്പ് ബുധൻ ഏറ്റവും കൂടുതൽ ദൃശ്യമാകും. ചക്രവാളത്തിൽ അത് താഴ്ന്നു കാണും.
ഗ്രഹ നെബുലകളിൽ ഒന്നായ ഡംബെൽ നെബുല (M27), ഈ മാസം മുഴുവൻ ദൃശ്യമാകും. മങ്ങിയ പ്രകാശപാളിയായി കാണപ്പെടും.
Leave feedback about this