കോട്ടയം: കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിതാവടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയാണ് പിതാവ്. കോട്ടയം കുമ്മനത്ത് വെച്ച് കുട്ടിയെ വിൽക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കുമരകം പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് അമ്പതിനായിരം രൂപയ്ക്ക് കുട്ടിയെ വിൽക്കാൻ പിതാവ് തയ്യാറായതെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം പ്രായമുള്ള നവജാതശിശുവിനെയാണ് ഇയാൾ വിൽക്കാനൊരുങ്ങിയത്. കുടുംബത്തിന് ഒപ്പം താമസിക്കുന്ന തൊഴിലാളികളാണ് പൊലീസിൽ വിവരമറിയിച്ചത്. പോലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുട്ടിയെ കൈമാറുമായിരുന്നു. ഇതിനായി പിതാവ് ആയിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് തൊഴിൽ ഉടമയായ അൻസിൽ പറയുന്നു.
ഇടനിലക്കാരൻ യുപി സ്വദേശിയാണ്. കുട്ടിയുടെ മാതാവിനേയും വിൽക്കാനുള്ള ശ്രമം നടന്നതായും നാട്ടുകാർ പറയുന്നു. നാട്ടുകാരുടേയും പൊലീസിന്റെയും ജാഗ്രതയാണ് കുഞ്ഞിനേയും മാതാവിനേയും രക്ഷിച്ചത്. മൂന്നു പെൺമക്കൾ മാത്രമാണുള്ളതെന്നും ഒരു ആൺകുഞ്ഞിനെ കൂടി വേണമെന്നുമുള്ള യുപി സ്വദേശികളായ ദമ്പതികളുടെ ആവശ്യമാണ് കുഞ്ഞിനെ വാങ്ങാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
