ന്യൂ ഡൽഹി: സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർറുടെ നടപടിക്കെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന്റെ ശുപാർശ തള്ളിയാണ് ഗവർണർ ഇങ്ങനെയൊരു നിയമനം നടത്തിയത്. താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗവർണറുടെ നിയമന നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സാങ്കേതിക സർവ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റർ സർവ്വകലാശാല ആക്ടിന്റെ 11 (10) പ്രകാരവുമാണ് താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനം നടത്തേണ്ടത് എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസിലർ ആയ ഗവർണർ നിയമനം നടത്തേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ കൈമാറിയ പാനലിൽ നിന്നുള്ളവരെ മറികടന്ന് ഗവർണർ നേരത്തെ ഉണ്ടായിരുന്ന താത്കാലിക വൈസ് ചാൻസലർമാരെ പുനർനിയമിച്ച് കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു എന്ന് കേരളം ചൂണ്ടി കാണിച്ചു.
അതിനാൽ താത്കാലിക വൈസ് ചാൻസലർമാരായ സിസ തോമസിന്റെയും, കെ ശിവപ്രസാദിന്റെയും നിയമനം സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചട്ട വിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ സി കെ ശശി ഫയൽ ചെയ്ത അപേക്ഷയിൽ ആരോപിക്കുന്നു. ജസ്റ്റിസ് മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേരളത്തിന്റെ ആവശ്യം ബുധനാഴ്ച്ച പരിഗണിക്കും.
Leave feedback about this