കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയെ അങ്കമാലി ബസിലിക്ക പള്ളിയിലാണ് മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പടെ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടന്നത്.
വധുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ വാർത്ത മാധ്യമങ്ങളും ഏറ്റെടുത്തു. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിൻറെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. എംഎ, എംഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻഎസ്‌യുഐ ദേശീയ പ്രസിഡൻറായിരുന്നു. നിലവിൽ എഐസിസി സെക്രട്ടറി കൂടിയാണ്.
