തുറന്നു പറച്ചില് പിന്നാലെ സൈബർ ആക്രമണം;; അച്ചടക്ക നടപടികളിലേക്ക് കടക്കാൻ ഹൈക്കമാൻഡും
ഒരു പ്രമുഖ യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്കു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി റിനി ആൻ ജോർജ്. തനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്തു നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ല. സത്യം കാലം തെളിയിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ പല പെൺകുട്ടികളും തന്നെ വിളിച്ചു. ഇതേ പ്രശ്നങ്ങളാണ് പറഞ്ഞത്. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഒരു പെൺകുട്ടി പറഞ്ഞു. വീട്ടിലെ സാഹചര്യമൊക്കെ കാരണമാണ് പലരും തുറന്നുപറച്ചിൽ നടത്താത്തത്. തുറന്നുപറയാനായതിൽ അഭിമാനമുണ്ട്. ഇത് തന്റെ മാത്രം വിഷയമല്ല. ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്നും റിനി പറഞ്ഞു.
യുവ നേതാവിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. അവരുടെയൊന്നും വീട്ടുകാർക്കു പോലും അറിയില്ല. എന്നാൽ തന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങളില്ല. ഈ ആരോപണങ്ങളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട. ഞാൻ ഒറ്റയ്ക്കു നിന്നാണ് സംസാരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കാണരുത്. അയാൾക്കെതിരെ നടപടിയെടുക്കണോ എന്ന് ആ പ്രസ്ഥാനം തീരുമാനിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
വ്യക്തിയുടെ പേര് പറയാതിരിക്കുന്നത് തന്റെ മാന്യതകൊണ്ടാണ്. അയാളുടെ പേര് പറയാൻ മടിയില്ല. പക്ഷേ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ആ പേര് പറയുന്നതിലൂടെ ഏതെങ്കിലും കളങ്കമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റെനി വ്യക്തമാക്കി. യുവനേതാവിന്റെ ശരിയായ മുഖം അധികെ വൈകാതെ തന്നെ സമൂഹത്തിന് വ്യക്തമാകും. തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് കാലം തെളിയിക്കുമെന്നും പറഞ്ഞ നടി നിയമനടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറല്ലെന്നും പറഞ്ഞു.
ജനപ്രതിനിധിക്കെതിരെ വാർത്തകൾ വന്ന് തുടങ്ങിയത് മുതൽ സൈബർ ആക്രമണം നേരിടുന്നുണ്ട്. കാര്യങ്ങൾ തുറന്നു പറയുന്നത് വ്യക്തിപരമായിട്ടാണെങ്കിലും മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് പോരാട്ടമെന്നും യുവതി പറയുന്നു.
ഏതാനും ദിവസം മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിനി തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുന്നത്. അതിന് പിന്നാലെ മറ്റൊരു യൂട്യൂബ് ചാനലിൽ ഇക്കാര്യം അവർ വിശദീകരിച്ചു. അതോടെയാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ഗൌരവത്തിലെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഒന്നേകാൽ മണിക്കൂറോളം റിനി തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് വിശദീകരിച്ചു.
പ്രതിപക്ഷത്തെ യുവനിരയിലുള്ള ഒരു ജനപ്രതിനിധിയെ കുറിച്ച് ഹൂ കെയേഴ്സ് എന്ന അയാളുടെ തന്നെ വാക്കുകൾ കടമെടുത്ത് നടത്തിയ വാർത്താ സമ്മേളനം വലിയ ചലനമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നലെ പ്രവാസി എഴുത്തുകാരിയായ ഹണി ഭാസ്കർ എന്ന യുവതിയും സമാന ആരോപണവുമായി രംഗത്തെത്തി.
രാഹുൽ മാങ്കുട്ടത്തിനെ പേരെടുത്ത് പറഞ്ഞാണ് ഹണി ഭാസ്കർ വിമർശിച്ചത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് ലൈക്ക് അടിച്ച് പ്രതികരിച്ച് തുടങ്ങിയ സംഭാഷണം ആദ്യം ശ്രീലങ്കൻ യാത്രയെ കുറിച്ചും മറ്റുമായിരുന്നു. ദിശമാറാൻ തുടങ്ങിയപ്പോൾ നിർത്തിയെന്നാണ് അവർ പറയുന്നത്. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിന്റെ ഇരകളായവരിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളുമെല്ലാം ഉണ്ടെന്നും ഇവർ കുറ്റപ്പെടുത്തി. രാഹുലിന്റെ സന്തത സഹചാരിയായ ഷാഫി പറമ്പിലിന് ഇക്കാര്യം കൃത്യമായ അറിയാമെന്നും അയാൾ പരാതികളെല്ലാം സെറ്റിൽ ചെയ്യുകയുമാണെന്നും ഇവർ ആരോപിച്ചു.
ഏതാനും ആഴ്ചകൾക്ക് മുൻപ് ഇതേ ജനപ്രതിനിധി ഒരു മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ എവിടെയും പരാതിയില്ലാത്തതിനാൽ അതിൽ തുടർ നടപടികളൊന്നും ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോപണവിധേയനെ സംരക്ഷിച്ച് മുന്നോട്ട് പോകാൻ പ്രസ്ഥാനത്തിന് ആവില്ല. അതുകൊണ്ട് തന്നെ ഹണി ഭാസ്കർ ഉൾപ്പെടെ ആരോപണം ഉന്നയിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കവും ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകി എന്നാണ് വിവരം. ദീപാദാസ് മുൻഷി അധ്യക്ഷനായ സമിതി ആരോപണങ്ങൾ പരിശോധിക്കും എന്നാണ് ലഭിക്കുന്ന വിവരം