തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അവസാനമായി അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ പണമിടപാടുകളെക്കുറിച്ചറിയാൻ പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ തന്ത്രി ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ച് പണം നഷ്ടമായെന്ന് പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഇതോടെയാണ് രണ്ടരക്കോടിയുടെ സ്രോതസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി കണ്ഠരര് രാജീവരരെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകൾ ലഭിച്ചതായാണ് വിവരം.

Leave feedback about this