Kerala

അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്; അനീഷിന്റെ അവയവങ്ങൾ എട്ട് പേരിലേക്ക്

ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങള്‍ മാറ്റിവച്ചു

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രശസ്ത കാര്‍ഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. 8 അവയവങ്ങളാണ് ദാനം ചെയ്തത്. അതില്‍ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാണ് ലഭിച്ചത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫെര്‍ഫ്യൂഷനിസ്റ്റുകള്‍, ടെക്‌നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 50 ഓളം പേരാണ് രാത്രി പകലാക്കി 3 മേജര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്. 3 ഓപ്പറേഷന്‍ തീയറ്ററുകളില്‍ 3 ടീമുകളാണ് ശസ്ത്രക്രിയ നടത്തിയത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ദാതാവില്‍ നിന്നുള്ള അവയവങ്ങള്‍ സ്വീകരിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് 9 മണിയോടെ സ്വീകര്‍ത്താക്കള്‍ക്ക് അവയവം മാറ്റിവയ്ക്കുന്ന 3 ശസ്ത്രക്രിയകളും ആരംഭിച്ചു. പുലര്‍ച്ചെ 2 മണിയോളം നീളുന്നതായിരുന്നു ശസ്ത്രക്രിയകള്‍. തൃശൂര്‍ സ്വദേശിയായ 59 വയസുകാരന് ഹൃദയവും കോട്ടയം സ്വദേശിനിയായ 27 വയസുകാരിക്ക് ശ്വാസകോശവും പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന് വൃക്കയും വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ ഒരാഴ്ചയോളം നിര്‍ണായകമാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video