കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെടുക.
അതേസമയം, ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് ചർച്ചകൾക്ക് പ്രതിസന്ധിയാകുന്നത്. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നൽകുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണമെന്നാണ് തിങ്കളാഴ്ച നടന്ന ചർച്ചയിൽ തലാലിന്റെ സഹോദരൻ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുടുംബം പ്രതികരിച്ചിട്ടില്ല.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിലാണ് യെമനിൽ നിർണായക ചർച്ചകൾ ആരംഭിച്ചത്. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ബുധനാഴ്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. യമനിലെ ദമാറിൽ തുടരുന്ന മധ്യസ്ഥ സംഘം ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കാണും.
തെക്കൻ യെമനിലെ ഗോത്രകേന്ദ്രത്തിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് പങ്കെടുത്തത്.
യെമനിൽ രാഷ്ട്രീയസംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർതലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. വിഷയം തിങ്കളാഴ്ച സുപ്രീംകോടതിയിൽ എത്തിയപ്പോൾ കേന്ദ്രസർക്കാരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Leave feedback about this