ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം. നിലവിലെ സംഘർഷങ്ങൾക്കിടയിലും പാകിസ്ഥാന്റെ “അങ്ങേയറ്റം കപടമായ” പെരുമാറ്റത്തിനാണ് ഇന്ത്യയുടെ വിമർശനം. തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷാണ് പാകിസ്ഥാനെ വിമർശിച്ചത്. ഇന്ത്യ പതിറ്റാണ്ടുകളായി പാകിസ്ഥാൻ അഴിച്ചു വിടുന്ന ഭീകരാക്രമണങ്ങൾ നേരിടുകയാണ്.
സായുധ സംഘർഷത്തിൽ പൗരൻമാരുടെ സംരക്ഷണം എന്ന അജണ്ടയ്ക്ക് കീഴിൽ ഉയർന്നുവരുന്ന ഭീഷണികളെ അഭിസംബോധന ചെയ്യുക, സാധാരണക്കാർ, യുഎൻ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങളിൽ യുഎൻഎസ്‌സിയിൽ നടന്ന തുറന്ന ചർച്ചയിൽ സംസാരിക്കവെയാണ് ഹരീഷിന്റെ പരാമർശം.പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് അവസാനിപ്പിക്കുന്നുവൊ അന്ന് മാത്രമെ സിന്ധു നദീ ജലകരാറിൽ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീർ പ്രശ്നം ഉന്നയിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല സൈനിക സംഘർഷത്തെക്കുറിച്ച് സംസാരിച്ച യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദിന് മറുപടിയായാണ് ഹരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
Leave feedback about this