കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ നല്‍കുന്നതിന്, വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കൊച്ചി നഗരസഭയുടെ 54-ാം ഡിവിഷനില്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍റീനില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും, മേയറുടെ നിർദ്ദേശ പ്രകാരം , സ്ഥാപനം പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തു.
നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.കെ അഷ്റഫിന്‍റെ നിര്‍ദ്ദേശപ്രകാരം, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് വി.വി യുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത സ്ഥാപനത്തിനെതിരെ നഗരസഭ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുപയോഗിച്ച്, ഭക്ഷണം പാകം ചെയ്ത്, തുറന്ന് വച്ചിരിക്കുന്ന നിലയിലായിരുന്നു.
മലിനജലം സമീപത്തുള്ള തോട്ടിലേക്ക് ഒഴുക്കിയിരുന്നതിനാല്‍ 10,000/- രൂപ പിഴ ഈടാക്കി, മലിനജല സംസ്ക്കരണ സംവിധാനം സ്ഥാപിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നതാണ്. നോട്ടീസ് പ്രകാരം നിർദ്ദേശിച്ചിരുന്ന സമയപരിധി കഴിഞ്ഞിട്ടും, മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കിയിരുന്നില്ല. ഡിവിഷൻ കൗൺസിലർ ആൻ്റണി പൈനൂത്തറ മുഖേന പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ഇപ്രകാരമുള്ള പരിശോധനകള്‍ നടത്തി, മനുഷ്യജീവന് അപകടകരമായ രീതിയില്‍ ഭക്ഷണവും, വെള്ളവും വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് മേയർ അറിയിച്ചു.
Leave feedback about this