breaking-news Kerala

ബ്ലൂ ഇക്കോണമി നയരേഖ കോർപറേറ്റുകൾക്ക് കടൽ കൊള്ളക്കുവേണ്ടിയാണ് : ബിനോയ് വിശ്വം

കൊച്ചി : കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖ കോർപ്പറേറ്റുകൾക്ക് കടൽ കൊള്ള നടത്താൻ അവസരമൊരുക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി )യുടെ 17 – മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വൈപ്പിനിൽ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരക്കടലും ആഴക്കടലും ഖനനത്തിനായും കോർപറേറ്റുകളുടെ മത്സ്യക്കൃഷിക്കായും പതിച്ചു നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്‌ഷ്യം. കടലിന്റെ ആവാസവ്യവസ്ഥ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ലാഭക്കണ്ണോടുകൂടി മത്സ്യക്കൃഷിക്ക് എത്തുന്നവരുടെ കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങളുടെ ഉത്പാദനമാണ്. ഇതിനുള്ള പ്രധാന തീറ്റ ചെറുമത്സ്യങ്ങളാണ്. ഇത്തരം ചെറു മത്സ്യങ്ങൾ സാധാരണ മത്സ്യ തൊഴിലാളികൾക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാകും. അത് രാജ്യത്തിൻറെ ഭക്ഷ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കും. ഇതിനെതിരെയുള്ള പോരാട്ടം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു..കേന്ദ്ര സർക്കാർ എല്ലാത്തരത്തിലും കേരളത്തിലെ എൽ ഡി എഫ്സർക്കാരിനെ തകർക്കാൻ തക്കം പാർത്തിരിക്കുകയാണ്.

അതിന് അവർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ജനക്ഷേമ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അർഹമായ വിഹിതം പോലും നൽകുന്നില്ല. ഈ അവസരത്തിൽ എൽ ഡി എഫ് സർക്കാർ സാധാരണക്കാരുടെയും തൊഴിലാളികളുടെയും വിഷയങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ എഫ് എഫിനെ തകർക്കുകയല്ല എ ഐ ടി യു സി യുടെ ലക്‌ഷ്യം. വ്യക്തമായ ബോധ്യങ്ങളുണ്ട്. അതിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. അത് ഇനിയും തുടരും. ഒപ്പം തൊഴിലാളി വർഗ്ഗത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ വീണ്ടും അധികാരത്തിൽ എത്തിയ ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുകൾ സാമ്ര്യാജിത്വ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതാണ്. പാരീസ് കരാറിൽ നിന്നും പിന്മാറ്റം അതിന്റെ സൂചനയാണ്. അന്താരഷ്ട്ര നിയമങ്ങൾ തനിക്ക് ബാധകമല്ലെന്നുള്ള രീതിയിൽ ഫാസിസ്റ്റ് നിലപാടാണത്. ലോകാരോഗ്യ സംഘടനയിൽ നിന്നും ഒഴിയുകയാണ്. ട്രംപിന്റെ അതെ നയം തന്നെയാണ് ഇന്ത്യയിൽ മോഡിയും നടപ്പാക്കുന്നതെന്നും ശക്തമായ പോരാട്ടം ഇതിനെതിരെ വളർന്നു വരേണ്ടത് തൊഴിലാളി വർഗ്ഗത്തിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.


ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ , മത്സ്യതൊഴിലാളി ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പി രാജൂ , എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് , സംസ്ഥാന സെക്രട്ടറിമാരായ കെ ജി ശിവാനന്ദൻ, എലിസബത്ത് അസീസി ,ജില്ലാ സെക്രട്ടറി കെ എൻ ഗോപി , സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം താര ദിലിപ് ,വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ് കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. . സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി ഒ ജോണി നന്ദിയും പറഞ്ഞു.


ഇന്ന് രാവിലെ ഒൻപതിന് മീശാൻ നഗറിൽ ( കർത്തേടം സഹകരണ ബാങ്ക് ഹാൾ ) പ്രതിനിധി സമ്മേളനം ആരംഭിക്കും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ കെ ശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി താര ദിലീപ് , കെ എൽ ദിലീപ്കുമാർ എന്നിവർ പ്രസംഗിക്കും.
വൈകിട്ട് മൂന്നിന് കെ കെ ബാലൻ നഗറിൽ ‘ മത്സ്യമേഖല കേന്ദ്ര സംസ്ഥാന സർക്കാർ സമീപനം ‘ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. .ഫെഡറേഷൻ ദേശീയ ജന സെക്രട്ടറി പി രാജു മോഡറേറ്ററായിരിക്കും. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ നേതാക്കളായ എസ്ശർമ്മ,ടി എൻ.പ്രതാപൻ,വി ദിനകരൻ,കൂട്ടായി ബഷീർ,ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ ,ചാൾസ് ജോർജ്ജ് , സോളമൻ വെട്ടുകാട് ,പി ഒ. ആന്റണി എന്നിവർ പ്രസംഗിക്കും.നാളെയും തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ എലിസബത്ത് അസീസി ,കുമ്പളം രാജപ്പൻ ,എ കെ ജബ്ബാർ ,പി ജെ കുശൻ എന്നിവർ പ്രസംഗിക്കും. സമ്മേളനം വൈകിട്ട് സമാപിക്കും

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video