തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയെന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് ലഭിച്ചെന്നും പോലീസ് പറഞ്ഞു.
വീട്ടുകാർ മൊഴി നൽകിയതു പോലെ തന്നെയാണ് മൃതദേഹം ഇരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം.
തിരുവനന്തപുരം സബ്കളക്ടർ ഒ.വി.ആല്ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ പത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പോലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
Leave feedback about this