കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുനാൾ അധ്യാപകനായും ഗ്രാമസേവകനായും ജോലി ചെയ്തു. 1957 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലിക്കു ചേർന്നു. നാലുകെട്ട് ആണ് പുസ്തകരൂപത്തിൽ വന്ന ആദ്യനോവൽ. അതിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തനത്തെ പുതിയ ദിശയിലേക്കു നയിക്കാൻ എംടിക്കു കഴിഞ്ഞു. മലയാളത്തിൽ പിൽക്കാലത്തു തലയെടുപ്പുള്ളവരായി വളർന്ന മിക്ക എഴുത്തുകാരെയും പ്രോൽസാഹിപ്പിച്ചതും അവരുടെ രചനകൾ പ്രസിദ്ധീകരിച്ചതും എംടിയായിരുന്നു. 1965 ൽ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം. ആദ്യ സംവിധാന സംരംഭമായ നിർമാല്യത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. അൻപതിലേറെ സിനിമകൾക്കു തിരക്കഥയെഴുതി. അവയിൽ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മിക്കതും വാണിജ്യ വിജയങ്ങളുമാണ്.ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.
Leave feedback about this