archive

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം

തിരുവനന്തപൂരം: നിര്‍ണായകമായ ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട ക്രൂ മൊഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലില്‍ പതിച്ചു. 9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് പരീക്ഷണ വിജയം അടിവരയിടുന്നു. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തികരിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി.

ദൗത്യസംഘത്തെ എസ് സോമനാഥ് അനുമോദിച്ചു. ആദ്യ ഘട്ടത്തില്‍ ദൗത്യം നേരിട്ട പ്രശ്നങ്ങള്‍ മണിക്കൂറുകള്‍ക്കകം പരിഹരിച്ചുകൊണ്ടായിരുന്നു നിര്‍ണായകമായ ഗഗന്‍യാന്‍ പരീക്ഷ റോക്കറ്റ് വിക്ഷേപണം ഐഎസ്ആര്‍ഒ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ എഞ്ചിന്‍ ജ്വലനത്തില്‍ തകരാര്‍ സംഭവിച്ചതോടെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചുവെങ്കിലും ഉടന്‍ തന്നെ തകരാര്‍ പരിഹരിച്ച് വിക്ഷേപണം 8 മണിയില്‍ നിന്ന് 10 മണിയിലേക്ക് മാറ്റുകയായിരുന്നു.