archive

ഇനി ഈ വഴി വരരുതേ , നന്ദി ; കൊല്ലങ്കോടുകാർ‌ പറയുന്നു.

നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തെ പച്ചപ്പരപ്പ്. പാടവരമ്പുകളിൽ പീലി വിരിച്ച കരിമ്പനകൾ. ഓലമേഞ്ഞ ഒറ്റക്കുടിലുകൾ. മഞ്ഞ് പുതഞ്ഞ മലനിരകൾ. പതിഞ്ഞൊഴുകുന്ന വെള്ളചാട്ടം. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഒരു സ്വർ​ഗകവാടം പോലെ തുറക്കുന്ന അതിമനോഹര ​ഗ്രാമം , കൊല്ലങ്കോട്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്ന്. 

വെള്ളിത്തിരയിലും സാമൂഹ്യമാധ്യമങ്ങളിലും അടുത്തകാലത്ത് ഈ ​ഗ്രാമഭം​ഗി നിറഞ്ഞതോടെ കൊല്ലങ്കോടിലേക്ക് സഞ്ചാരികളുടെ ഒഴുക്കായി. കേരളത്തിനകത്തും പുറത്തുനിന്നും ദിവസവസും എത്തുന്നത് നിരവധി പേർ. ​ഗ്രാമീണഭം​ഗിയുടെ സമാനതകളില്ലാത്ത കാഴ്ച ആസ്വദിച്ച് മടങ്ങേണ്ട സന്ദർശകർ എന്നാൽ ഇന്ന് ​ഗ്രാമവാസികൾക്ക് തലവേദനയാവുകയാണ്.
 

നെൽവയലുകൾ നിറഞ്ഞ, പച്ചപ്പിൽ പുതച്ചു നിൽക്കുന്ന പ്രശാന്ത സുന്ദരമായ പ്രദേശത്തിന്ന് പ്ലാസ്റ്റിക് മാലിന്യവും മദ്യകുപ്പികളും കുമിഞ്ഞ് കൂടുകയാണ്. സി​ഗരറ്റ് പായ്ക്കറ്റുകളും , ബിയർബോട്ടിലുകളും വഴിയരികിലും പാടത്തും വലിച്ചെറിഞ്ഞിരിക്കുന്നു. ഭക്ഷണ പാക്കറ്റുകളും, മാലിന്യവും നെൽവയലുകളിലേക്ക് എറിഞ്ഞിരുക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും വരെ ഇക്കൂട്ടതത്തിലുണ്ട്. കൂടുതലും കർഷകരാണ് കല്ലങ്കോട്ടുകാർ. ഇവർ‌ക്കും വലിയ ആശങ്ക സുഷ്ടിച്ചിരിക്കുകയാണ് സന്ദർശകരുടെ നീതികരിക്കാനാകാത്ത ഈ പ്രവർത്തി. 
മാത്രമല്ല, അവധി ദിവസങ്ങളിൽ ചെറിയ റോഡുകളിൽ ഗതാഗത തിരക്ക് മൂലം നാട്ടുകാർക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. കൃത്യമായി ട്രാഫിക് മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശവാസികൾക്ക് കൂടി ബുദ്ധിമുട്ടാകാതെ പ്രവർത്തിക്കാൻ സന്ദർശകർ തയാറാകുന്നില്ല. ഇതിന് പുറമേയാണ് പ്ലാസ്റ്റിക് മാലിന്യവും മദ്യകുപ്പികളും അടക്കം വലിച്ചെറിയുന്നത്. നാടിൻ്റെ തനിമ ഇല്ലാതാക്കുന്ന പ്രവൃത്തികൾ തുടരാനാണെങ്കിൽ സഞ്ചാരികൾ ദയവായി വരേണ്ടെന്നാണ് കൊല്ലങ്കോടുകാരുടെ അഭ്യർത്ഥന.