മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന ആരോപണം വലിയ ചര്ച്ചയായിക്കൊണ്ടിരപിക്കുകയാണ്. സുരേഷ്ഗോപിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ആളുകള്‍ വലിയരീതിയില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് എത്തി. ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.’
‘എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.
എന്നാല്‍ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഇപ്പോളിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പ്രതികരണവുമായി നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. മനസ്സില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കുമെന്നും സുരേഷ് ഗോപിയെ ഈ വിഷയത്തില്‍ പഴിചാരുന്നത് സങ്കടകരമാണെന്നും മഞ്ജുവാണി പറയുന്നു.
മഞ്ജു വാണിയുടെ പോസ്റ്റ്
”സങ്കടകരം. കഷ്ടം. മനസ്സില്‍ പുഴുവരിച്ചു വ്രണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യന് എന്താണെന്ന് നിങ്ങള്‍ക്കും അറിയാം. ചാനല്‍ പത്ര പ്രവര്‍ത്തകയുടെ തോളത്ത് ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛന് മകളെ സ്നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.
ഒരു പുരുഷന് തെറ്റായ രീതിയില്‍ ശരീരത്തില്‍ തൊടുകയും, അത് സ്ത്രീ തിരിച്ചറിഞ്ഞു വളരെ ചെറിയ രീതിയില്‍ പോലും പ്രതികരിച്ചാല്‍ തന്നെ ആ പ്രവൃത്തി ചെയ്ത പുരുഷന് ഒന്ന് വിരളും. ഒരു സ്ത്രീ ആയത് കൊണ്ട് തന്നെയാണ് ഞാനീ പറയുന്നത്. ആ വിഡിയോയില്‍ എവിടെയെങ്കിലും ഒരണുവിട അദ്ദേഹം ചൂളിയിട്ടുപോലുമുണ്ടോ? സ്ക്രീന്‍ ഷോട്ടുകള്‍ ഇട്ടിരിക്കുന്നത് അത് കാണുവാനാണ്.
വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമായിട്ടുള്ള സുരേഷ് ഗോപിയുടെ ശരീരഭാഷയില്‍ വാത്സല്യം മാത്രമേ എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളു. അതും പിന്നിലൂടെ ഏതോ ഒരാള്‍ കയ്യിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും തമ്മില്‍ താരതമ്യം ചെയ്തു ഉത്തരം പറയാന്‍ ഞാന്‍ അന്ധയായ രാഷ്ട്രീയ പ്രവര്‍ത്തകയല്ല. നമ്മളൊക്കെ ആദ്യം മനുഷ്യരാവാനാണ് പഠിക്കേണ്ടത്.”മഞ്ജുവാണി സമൂഹമാധ്യമത്തില്‍ കുറിച്ചു.” മഞ്ജുവാണി സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി എംപി കൂടിയായ സുരേഷ് ഗോപിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തി. സ്റ്റാര്‍ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോള്‍ അറിയാവുന്നവര്‍ക്ക് അറിയാം… സുരേഷേട്ടന്… എന്നായിരുന്നു അനുമോളുടെ കമന്റ്.
റെസ്പെക്ട് എന്നാണ് സാന്ത്വനം സീരിയില്‍ താരം ഗിരീഷ് കുറിച്ചത്. ‘സാറിനെ ഞങ്ങള്‍ക്കെല്ലാം അറിയാം, അദ്ദേഹം തെറ്റായ രീതിയില്‍ ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനെ അറിയാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഒരു മോളെ പോലെയാണ് കണ്ടത് തെറ്റായ രീതിയില്‍ ചിന്തിക്കുന്നത് കൊണ്ടാണ് മോശമായി തോന്നിയത് എന്നായിരുന്നു ഒരാള്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിച്ചത്. മനുഷ്യനാവുമ്പോള്‍ തെറ്റ് ഉണ്ടാവും അത് തിരുത്തുന്നിടത്താണ് മഹത്വം, മോശമായി കണ്ടത് ആ മാധ്യമപ്രവര്‍ത്തകയാണ് ഞങ്ങള്‍ക്ക് തോന്നിയില്ല, സുരേഷേട്ടനെ അറിയുന്നവര്‍ക്ക് സത്യം മനസിലാവും. എങ്കിലും ക്ഷമ ചോദിക്കാന്‍ കാട്ടിയ നല്ല മനസിന് അഭിനന്ദനം. കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും. ഒരുപാട് പേരുടെ കണ്ണീരിന് സാന്ത്വനമായ സുരേഷേട്ടാ ധൈര്യമായി മുന്നോട്ട് പോവുക’ എന്നെല്ലാമാണ് മാപ്പ് ചോദിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിന് വന്ന കമന്റുകള്‍.