ന്യുഡൽഹി: ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ, എണ്ണ എത്തിയില്ലെങ്കിൽ ഇന്ത്യയുടെ ‘പ്ലാൻ ബി’, വിലയും കൂടിയേക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ ‘വിൻഡ്വാർഡ്’, ‘കെപ്ലർ’ എന്നിവ നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ ജലപാത നിലവിൽ നിശ്ചലമാണ്. മാർച്ച് 1ന് കേവലം മൂന്ന് ടാങ്കറുകൾ മാത്രമാണ് ഇതിലൂടെ കടന്നുപോയത്.
2026ലെ പ്രതിദിന ശരാശരി 1.98 കോടി ബാരലായിരുന്ന സ്ഥാനത്ത് മാർച്ച് ഒന്നിന് വെറും 28 ലക്ഷം ബാരൽ മാത്രമാണ് ഇതുവഴി നീങ്ങിയത്. മാർച്ച് 2ന് ഇത് വീണ്ടും കുറഞ്ഞ് ഒരു ചെറിയ ടാങ്കറും ചരക്കുകപ്പലും മാത്രമായി ഒതുങ്ങി. നിലവിൽ ഇറാൻ ഇതര രാജ്യങ്ങളുടെ 706 കപ്പലുകളാണ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 334 ക്രൂഡ് ഓയിൽ കപ്പലുകളും 372 മറ്റ് കപ്പലുകളും ഉൾപ്പെടുന്നു. നൂറുകണക്കിന് കപ്പലുകൾ ഒമാൻ ഉൾക്കടലിലും ലക്ഷ്യമില്ലാതെ നടുക്കടലിലും കാത്തുനിൽക്കുകയാണ്.
ഈ പ്രതിസന്ധി ആഗോള വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 10 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തി. സൗദി അറേബ്യയിലെ റാസ് തനൂറ റിഫൈനറിക്കും ഖത്തറിലെ എൽഎൻജി പ്ലാന്റിനും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് യൂറോപ്യൻ ഗ്യാസ് വിലയിൽ 40 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്.ഹോർമൂസ് കടലിടുക്കിലെ തടസം ഏതാനും ദിവസങ്ങൾ കൂടി തുടർന്നാൽ കപ്പലുകളുടെ നീണ്ട നിര വർദ്ധിക്കാനും എണ്ണ വിതരണം പൂർണമായും താളം തെറ്റാനും സാദ്ധ്യതയുണ്ട്.

Leave feedback about this