ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ആപ്പ് വഴി 62 ബിരിയാണികൾ ഓർഡർ ചെയ്തത് ബെംഗളൂരുവിൽ നിന്നുള്ള ഒരു ഉപഭോക്താവ്. ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഈ ഉപഭോക്താവ് ഒരേസമയം 62 ബിരിയാണികൾ ഓർഡർ ചെയ്തത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലാണ് സ്വിഗ്ഗി ഇക്കാര്യം വെളിപ്പെടുത്തിയത്, തങ്ങളുടെ ഈ ഉപഭോക്താവ് അവരുടെ വീട്ടിൽ ക്രിക്കറ്റ് വാച്ചിങ്ങ് പാർട്ടി നടത്തുന്നുണ്ടോ എന്നും സ്വിഗ്ഗി ആരാഞ്ഞു .
“ബെംഗളൂരുവിൽ നിന്ന് ഒരാൾ ഇപ്പോൾ 62 യൂണിറ്റ് ബിരിയാണി ഓർഡർ ചെയ്തു. നിങ്ങൾ ആരാണ്? നിങ്ങൾ കൃത്യമായി എവിടെയാണ്? നിങ്ങൾ ഒരു #INDvsPAK മാച്ച് വാച്ച്-പാർട്ടി ഹോസ്റ്റ് ചെയ്യുന്നുണ്ടോ?? എനിക്ക് വരാമോ?” സ്വിഗ്ഗി ട്വീറ്റ് ചെയ്തു.
ട്വീറ്റിന് 36,000-ലധികം ലൈക്കുകളാണ് ലഭിച്ചത്, ചില ഉപയോക്താക്കൾ രസകരമായ മറുപടികളുമായി കമന്റ് ചെയ്തു. ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെ കുടുംബമായിരിക്കും ഇത്രയുംവലിയ അളവിൽ ബിരിയാണി ഓർഡർ ചെയ്തതെന്നായിരുന്നു ഒരു പ്രതികരണം.
“അത് 6 ചായയും രണ്ട് ബിരിയാണിയുമാകാം, അത് 62 ബിരിയാണിയാണെന്ന് ആരെങ്കിലും കേട്ട് ഓർഡർ ചെയ്തു,” എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെത്.
പിന്നീട്, മെഗാ ബിരിയാണി ഓർഡർ നൽകിയത് ഒരു സ്ത്രീയാണെന്ന് സ്വിഗ്ഗി അറിയിച്ചു. എന്നാൽ റെക്കോഡ് സൃഷ്ടിച്ച ഓർഡർ ചെയ്ത ഉപയോക്താവിന്റെ കൂടുതൽ വിവരങ്ങൾ സ്വിഗ്ഗി പുറത്തുവിട്ടിട്ടില്ല.