loginkerala Kerala തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍; മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍; മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 1 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 98.79 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഡോ. ശശി തരൂര്‍ എം.പി., നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടര്‍ അനുകുമാരി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 717.29 കോടിയുടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. നിലവില്‍ റോഡ് വികസനം, ഫ്‌ളൈഓവര്‍ നിര്‍മ്മാണം, ഇലക്ട്രിക്കല്‍, വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ തുടങ്ങി 32.76 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. എം.എല്‍.ടി. ബ്ലോക്ക് (21.35 കോടി), ഇമേജോളജി (43.9കോടി) എന്നിവ പൂര്‍ത്തീകരിച്ചു. ഒ.ടിബ്ലോക്ക് (81.50 കോടി), ഹൈഡോസ് തെറാപ്പി (4.70 കോടി) എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി

Exit mobile version