archive

13 മാസം കൊണ്ട് ലോകം ചുറ്റുക ലക്ഷ്യം; ബസ്സില്‍ ലോകപര്യടനത്തിനിറങ്ങിയ ജര്‍മ്മന്‍ കുടുംബം തലസ്ഥാനത്തെ ലുലു മാളില്‍

തിരുവനന്തപുരം : ജര്‍മ്മന്‍ സ്വദേശികളായ കായിയും നിനയും മക്കളായ ലെനിയും ബെന്നും ലോകം ചുറ്റുകയാണ്. വെറും ലോകപര്യടനമല്ല. ബസ്സിലാണ് ഈ യാത്ര. ആറ് മാസം മുന്‍പ് ദുബായില്‍ നിന്നാംരംഭിച്ച യാത്ര ഇറാന്‍, പാക്കിസ്ഥാന്‍, നേപ്പാള്‍, തുര്‍ക്കി അടക്കമുള്ള സ്ഥലങ്ങള്‍ പിന്നിട്ട് വാഗാ ബോര്‍ഡര്‍ വഴി ഇന്ത്യയിലെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. ഇപ്പോള്‍ കൊച്ചു കേരളത്തിലാണ് യാത്ര എത്തിനില്‍ക്കുന്നത്.

ദുബായിലെ അശോക് ലെയ്‌ലാന്‍ഡ് ഷോറൂമില്‍ നിന്ന് ബസ് വാങ്ങിയ ശേഷം ഏറെ മോഡിഫിക്കേഷന്‍ നടത്തിയാണ് കാരവാനാക്കി ബസ് രൂപകല്‍പന ചെയ്തതെന്ന് കായ് പറഞ്ഞു. ഡൈനിംഗ് സൗകര്യം, ബാത്ത് റൂം, ബെഡ് റൂം, ബുക്ക് ഷെല്‍ഫ് അങ്ങനെ അതിമനോഹരമായാണ് കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യമുള്ളതിനാല്‍ ബസ് ടോപ്പില്‍ സോളാര്‍ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ഓരോ സ്ഥലങ്ങളിലും താമസിയ്ക്കുമ്പോള്‍, അവിടങ്ങളില്‍ ഉപയോഗിയ്ക്കാനുള്ള സൈക്കിളുകളും കരുതിയിട്ടുണ്ട് കായിയും കുടുംബവും. കുട്ടികളുടെ പഠനമെല്ലാം ഓണ്‍ലൈനിലൂടെയാണ്.

തലസ്ഥാനത്തെത്തിയ സംഘം ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാണ് ലുലു മാള്‍ കാണാനെത്തിയത്. ഒരു ദിവസം മുഴുവന്‍ മാളില്‍ ഷോപ്പിംഗും മറ്റുമായി ആഘോഷമാക്കി കുടുംബം. ബസ്സില്‍ സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങള്‍ പൂര്‍ണ്ണമായും തീര്‍ന്നതോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇനിയുള്ള യാത്രാദിനങ്ങളില്‍ ആവശ്യമായുള്ള എല്ലാ സാധനങ്ങളും വാങ്ങിയാണ് സംഘം മടങ്ങിയത്. ചെന്നൈയിലേക്കാണ് അടുത്ത യാത്ര. അശോക് ലെയ്‌ലാന്‍ഡ് കന്പനി ക്ഷണിച്ചത് പ്രകാരം അവരുടെ കമ്പനി സന്ദര്‍ശിയ്ക്കാനാണ് സംഘം പോകുന്നത്.