കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച സമരം തള്ളി താരസംഘടന അമ്മ. വിഷയത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് അമ്മയുടെ നിലപാട് അറിയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷും ഉള്‍പ്പടെ മുതിര്‍ന്ന താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. മലയാള സിനിമ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സമരത്തിന് താര സംഘടന അമ്മയുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ഉണ്ടാകില്ലെന്ന് അമ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സിനിമ വ്യവസായം ചിലരുടെ പിടിവാശി മൂലം അനാവശ്യ സമരത്തിലേക്ക് കടക്കുകയാണെന്ന് താരസംഘടന ആരോപിക്കുന്നത്. സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളും അനാവശ്യ സമരം വഴി പ്രതിസന്ധിയിലാകുമെന്നും യോഗം വിലയിരുത്തി.
താരങ്ങളുടെ പ്രതിഫലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അമ്മ ജനറല്‍ ബോഡിക്ക് ശേഷം മാത്രം ചര്‍ച്ചയാകു. സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താരസംഘടനയുടെ നിലപാട്. അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗമായ ജയന്‍ ചേര്‍ത്തലയ്ക്ക് എല്ലാ വിധത്തിലുള്ള നിയമ സഹായവും നല്‍കുമെന്ന് യോഗം ഉറപ്പുനല്‍കി. കൊച്ചി അമ്മ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി. ടോവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദു പണിക്കര്‍ തുടങ്ങി 50തോളം പേര്‍ പങ്കെടുത്തു.