കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും പത്രാധിപരും സോഷ്യലിസ്റ്റുമായ ഇ.വി ശ്രീധരൻ അന്തരിച്ചു. കലാകൗമുദിയിൽ ജോലി ചെയ്യവെ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നതെങ്കിലും കോവിഡ് കാലം മുതൽ ജന്മദേശമായ വടകര നാദാപുരം റോഡിൽ ബന്ധുവിന്റെ വീട്ടിലായിലായിരുന്നു.
ന്യൂമോണിയ ബാധയെ തുടർന്ന്, വടകര സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി. ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. തുടർന്ന് രണ്ട് വർഷം കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും പ്രവർത്തിച്ചു.
എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ നോവലുകളാണ്. സംസ്കാരം പിന്നീട്.