loginkerala breaking-news ഷെറിന് സെല്ലിൽ മൊബൈൽ ഫോണും , കിടക്കയും തലയിണയും; കോസ്മെറ്റിക്സ് സാധനം മുതൽ വസ്ത്രങ്ങൾ വരെ; ഡി.ഐ.ജി. വരെ അടുപ്പക്കാർ; കാരണവർ വധക്കേസ് പ്രതിക്ക് ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന് സഹതടവുകാരി
breaking-news Kerala

ഷെറിന് സെല്ലിൽ മൊബൈൽ ഫോണും , കിടക്കയും തലയിണയും; കോസ്മെറ്റിക്സ് സാധനം മുതൽ വസ്ത്രങ്ങൾ വരെ; ഡി.ഐ.ജി. വരെ അടുപ്പക്കാർ; കാരണവർ വധക്കേസ് പ്രതിക്ക് ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന് സഹതടവുകാരി

തൃശ്ശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

2013-ന് ശേഷമുള്ള സമയത്താണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചിരുന്നതായാണ് സുനിതയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

”ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു.
പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സാധനങ്ങൾ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ലെന്നും സുനിത ആരോപിക്കുന്നു.

Exit mobile version