തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ഹാർമണി – 2025 മെയ് 2, 3, 4 തീയതികളിൽ ഇംഗ്ലണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റെ ഏകാലോക ദർശനം ലോകമെമ്പാടും എത്തിക്കുക എന്ന ശിവഗിരി മഠത്തിന്റെ ദീർഘകാല ലക്ഷ്യത്തിന് ഒരു ചരിത്രനിമിഷമായാണ് ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
ഈ മൂന്നു ദിവസങ്ങൾ വിവിധ ആധ്യാത്മിക, സാംസ്കാരിക, ബൗദ്ധിക, സാമ്പത്തിക ചർച്ചകൾക്ക് സാക്ഷ്യമാകും. ആലുവ അദ്വൈത ആശ്രമ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം, ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ശ്രീനാരായണ ഗുരുദർശനം ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാർ, ആഗോള ബിസിനസ് മീറ്റ്, യുവജന സമ്മേളനം തുടങ്ങിയവ മൂന്ന് ദിവസങ്ങളിൽ ആയി നടക്കും.
ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുവാനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരനന്ദ, ശിവഗിരി ആശ്രമം യുകെ പ്രസിഡണ്ട് ബൈജു പാലയ്ക്കൽ, ജോ: സെക്രട്ടറിമാരായ സതീഷ് കുമാർ, ഗണേശ് ശിവൻ, അഡ്വ: വി ജോയ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ. ഡോ: രാജ്മോഹൻ പിള്ള. ഇന്ത്യൻ കോഡിനേറ്റർ ഷിബു കിളിമാനൂർ തുടങ്ങിയവർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖകരെ പങ്കെടുപ്പിച്ചു ഗുരുദർശനം ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് ശിവഗിരി മഠം നേതൃത്വം നൽകും.ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.ഈ പരിപാടി യുകെയിലെ ശിവഗിരി ആശ്രമം ഒരു ആഗോള ധർമ്മകേന്ദ്രമായി മാറുന്നതിന്റെ അടയാളം കൂടിയാകും
Leave feedback about this