loginkerala breaking-news ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കി : ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും അറസ്റ്റില്‍
breaking-news Kerala

ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കി : ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറും അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായ ഡി സുധീഷ് കുമാര്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പ്രതി ചേര്‍ത്തിരുന്നത്. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാവിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് റാന്നി കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതി സി കെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായത്. ദേവസ്വം ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Exit mobile version