പാലക്കാട്: വിവാദങ്ങൾക്ക് ശേഷം പാലക്കാട് കാല്കുത്തി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. ലൈംഗികാരോപണങ്ങൾ നേരിട്ടതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്‌ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന സേവിയറിന്റെ സഹോദരന്റെ മരണത്തിനോട് അനുബന്ധിച്ചാണ് രാഹുൽ പാലക്കാട് എത്തിയത്.
രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫീസ് തുറന്നു. കഴിഞ്ഞ ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ.
