മാനന്തവാടി | വള്ളിയൂര്‍ക്കാവില്‍ പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഉന്തുവണ്ടി കച്ചവടം നടത്തുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. സി പി ഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരുക്കേറ്റത്.
ഉച്ചക്ക് മൂന്നോടെ വള്ളിയൂര്‍ക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. സമീപത്ത് ഉന്തുവണ്ടി കച്ചവടം നടത്തുന്നയാളെ ഇടിച്ച ശേഷമാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. തൊട്ടടുത്തുള്ള ആൽത്തറയിൽ തട്ടിയ ജീപ്പ് തലകീഴായി നിൽക്കുകയായിരുന്നു.
പരുക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധറിനെ രക്ഷപ്പടുത്താനായില്ല. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.