അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതി അനുവദിച്ച പത്തു ദിവസത്തെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി നല്‍കുകയാണ് കോടതി ചെയ്തത്. കേസ് ഏപ്രില്‍ 13ന് അടുത്തതായി പരിഗണിക്കുമ്പോഴായിരിക്കും അപ്പീല്‍ ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
വിചാരണ കോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ടാണ് ഇന്ന് അപ്പീല്‍ നല്‍കിയത്. അപ്പീലിനൊപ്പം രണ്ട് അപേക്ഷകളും ഉണ്ട്. ആദ്യത്തേത് ശിക്ഷാവിധി സസ്‌പെന്‍ഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷയാണ്. ഇത് അടിസ്ഥാനപരമായി സാധാരണ ജാമ്യത്തിനുള്ള അപേക്ഷയാണ്. രണ്ടാമത്തേത് ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയാണ്. രണ്ടാമത്തെ അപേക്ഷ അനുവദിച്ചാല്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വിധേയമായി അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കേണ്ടി വരും.
മാര്‍ച്ച് 23 നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതും അതിനെ തുടര്‍ന്ന് അദ്ദേഹത്തെ ലോക്‌സഭാ എംപിയായി അയോഗ്യനാക്കുന്നതും. എന്നാല്‍ അദ്ദേഹത്തിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും 30 ദിവസത്തിനുള്ളില്‍ ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുന്നതിന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.