പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നുള്ള ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന ഒരു പ്രതികരണമാണിപ്പോൾ വൈറൽ ആയിരിക്കുന്നത്. യൂസഫ് അലിക്കും ഉണ്ണിമുകുന്ദനും ഗുജറാത്തി അറിയാമല്ലോ എന്ന് ആരാധകൻ. യൂസഫ് അലി സാറിന് ഗുജറാത്തി എഴുതാനും അറിയാമെന്ന് കൂട്ടിചേർത്ത് ഉണ്ണിമുകുന്ദൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഉണ്ണിമുകുന്ദൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് പ്രതികരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 73ആം ജന്മദിനാശംസകൾ നേരുകയാണ് രാജ്യം. വിവിധ രാഷ്ട്രനേതാക്കൾ അടക്കം അദ്ദേഹത്തിന് ആശംസ സന്ദേശം പങ്കുവച്ചു. സിനിമാ താരങ്ങളും പ്രധാനമന്ത്രിക്ക് ആശംസ അറിയിച്ചു.
ഉണ്ണിമുകുന്ദനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നു. സമൂഹമാധ്യമത്തിലൂടെയാണ് ആശംസാസന്ദേശം താരം പങ്കുവച്ചത്. ജി – 20 ഉച്ചക്കോടിയുടെ മികച്ച സംഘാടനത്തിന് വിജയാശംസകൾ നേർന്ന താരം, പ്രധാനമന്ത്രിയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ആശംസാസന്ദേശത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ ഉണ്ണിമുകുന്ദൻ പങ്കുവച്ച ഈ കുറിപ്പിന് താഴെ ആരാധകന്റെ മറുപടിയാണ് ശ്രദ്ധനേടുന്നത്. ‘മോദിജിക്ക് ആശംസകൾ, പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തി യൂസഫ് അലിക്കും ഉണ്ണി മുകുന്ദനും അറിയാമല്ലോ ‘ എന്നായിരുന്നു ആരാധകന്റെ കമന്റ്. യൂസഫ് അലി സാറിന് ഗുജറാത്തി അറിയാമെന്ന് മാത്രമല്ല ഗുജറാത്തി ഭാഷ നന്നായി എഴുതാനും അറിയാമെന്നായിരുന്നു ഉണ്ണിമുകുന്ദന്റെ മറുപടി.
താരത്തിന്റെ പ്രതികരണത്തിന് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് എം.എ യൂസഫ് അലി, കച്ചവടത്തിന്റെ ആദ്യാക്ഷരം കുറിച്ചത് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിലാണ്. 1970 ൽ പഠനത്തിനൊപ്പം, പിതൃസഹോദരനായ എം.കെ അബുവിന്റെ എം.കെ ബ്രദേഴ്സ് ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ നിന്നാണ് പ്രായോഗികതയുടെ ബാല്യപാഠങ്ങൾ ഗ്രഹിച്ചത്. മൂന്ന് വർഷം നീണ്ട അഹമ്മദാബാദിലെ ജീവിതമാണ്, അബുദാബി കേന്ദ്രീകരിച്ച് വ്യവസായ സാമ്രാജ്യം വളർത്തുമ്പോഴും അദേഹത്തിന് അടിസ്ഥാന ഊർജമായിരുന്നത്. ഇക്കാലയളവിൽ പഠിച്ച ഗുജറാത്തി ഭാഷ നന്നായി എഴുതാനും എം.എ യൂസഫ് അലിക്ക് അറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചകളിലും ഗുജറാത്തിയിലാണ് യൂസഫ് അലി സംസാരിക്കുക. കൂടാതെ അറബിക്, ഫാർസി ഇംഗ്ലീഷ് അടക്കം വിവിധഭാഷകളും അനായാസം വഴങ്ങുമെന്ന് പല അഭിമുഖങ്ങളിലും എം.എ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.