ആലപ്പുഴ: ആര് പറഞ്ഞു മരിച്ചെന്നു….ജീവിക്കുന്നു ഞങ്ങളിലൂടെ…ആയിരങ്ങൾ അലറിവിളിച്ച മുദ്രാവാക്യങ്ങളെ സാക്ഷി നിർത്തി പ്രിയപ്പെട്ട വി എസിനു കേരളം വിട നൽകി. ആലപ്പുഴ ജില്ലയിൽ പുന്നപ്ര വയലാർ സമര സേനാനികളെ ഒരുമിച്ചു അടക്കം ചെയ്ത വലിയചുടുകാട്ടിലാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനും അന്ത്യ വിശ്രമം ഒരുങ്ങിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രിയ നേതാവിനെ കാണാൻ തോരാത്ത മഴയെ അവഗണിച്ച് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥ പോലും വക വയ്ക്കാതെ ആയിരങ്ങളാണ് തങ്ങളുടെ ജനനായകനെ കാണാൻ തെരുവീഥികളിൽ കാത്തുനിന്നത്.
ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചെങ്കിലും 22 മണിക്കൂർ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വേലിക്കകത്തു വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്.രാത്രി 9: 30 ഓടെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്വന്തം പേരിലുള്ള വസ്തുവിൽ പ്രിയ സഖാവിന് അന്ത്യ വിശ്രമം. പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.മകൻ വി എ അരുൺകുമാർ ചിതയ്‌ക്ക് തീകൊളുത്തി. വി എസിന്റെ ഭാര്യ വസുമതിയും ഉറ്റബന്ധുക്കളും അരികിലുണ്ടായി. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
അനന്തപുരിയിൽ നിന്നും വിപ്ലവമണ്ണായ പുന്നപ്രയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് വിഎസിന്റെ വിലാപയാത്ര ആരംഭിച്ചത്. മൂന്നു ജില്ലകളിലായി, 151 കിലോമീറ്റർ ദൂരം നീളുന്ന വിലാപയാത്ര. ഇന്നുച്ചയ്ക്ക് 12.22 നാണ് വിഎസിന്റെ ഭൗതികദേഹം പുന്നപ്രയിലെ ജന്മനാട്ടിലേക്കെത്തിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം നടത്തി. തുടർന്ന് വിപ്ലവ മണ്ണായ ആലപ്പുഴ ചുടുകാട്ടിൽ വി എസിന് അന്ത്യവിശ്രമം ഒരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ രാവിലെ മുതൽ വീട്ടിലെത്തി കാത്തുനിൽക്കുകയായിരുന്നു.
എസ് യു ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ 21 നാണു അന്ത്യം സംഭവിച്ചത്. പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിനെ ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വി എസ്സിന്റെ ആരോഗ്യനില തിങ്കളാഴ്ച ഉച്ചയോടെ ഗുരുതരമായി. വൈകുന്നേരം 3 .20 ഓട് കൂടി മരണം സംഭവിക്കുകയായിരുന്നു.
രാഷ്ട്രീയ നേതാക്കൾ അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ വി എസിനു അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. പിന്നിട്ട സമരവഴികളിലൂടെ വി എസിൻറെ അവസാന യാത്രയിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഒരു ഓർമപ്പെടുത്തലായി. അതേ…..ആര് പറഞ്ഞു മരിച്ചെന്നു….ജീവിക്കുന്നു ഞങ്ങളിലൂടെ.
ചരിത്ര വഴികളിലൂടെ
കേരളത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെ പുനർനിർവചിച്ച വിമത ശബ്ദമായിരുന്നു എന്നും വി എസിൻ്റേത്. സ്വന്തം പാർട്ടിയിലും വിശാലമായ സമൂഹത്തിലും പ്രതിപക്ഷത്തിന്റെ മാതൃകാ ശബ്ദമായിരുന്നു അച്യുതാനന്ദൻ.
എവിടെ ഭിന്നതകൾ കണ്ടാലും ഒരു പക്ഷത്ത് നിലയുറപ്പിച്ച് യുദ്ധം ചെയ്യുക. അതായിരുന്നു വി.എസിൻ്റെ പതിവ്. ചിലത് വിജയിച്ചു, ചിലത് പരാജയപ്പെട്ടു. പോരാട്ടപാതയിൽ സ്വയം രൂപാന്തരപ്പെട്ട വിഎസ് എന്നും തന്റെ പാർട്ടിയിലും പൊതു സമൂഹത്തിലും എതിർപ്പിന്റെ മാതൃകയായിരുന്നു.
സംസ്ഥാനസെക്രട്ടറിയായിരിക്കുമ്പോൾ 1985 ലെ സമ്മേളനത്തിൽ എം.വി. രാഘവൻ മുന്നോട്ടുവച്ച ബദൽ രാഷ്ട്രീയ നിലപാട് കൈകാര്യം ചെയ്യുന്നതിൽ ഇ.എം.എസുമായി കൈകോർത്തു. കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ സി.പി.എം. മുസ്ലീം ലീഗുമായി സഖ്യത്തിലേർപ്പെടണമെന്ന് രാഘവൻ്റെ അവകാശവാദങ്ങളെ തള്ളി. അത് കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായി വിജയന്റെ ഉയർച്ചയ്ക്കും വഴിയൊരുക്കി.
1991-ൽ മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് തോൽവിയായിരുന്നു വിഎസ് നേരിട്ട ആദ്യത്തെ വലിയ രാഷ്ട്രീയ തിരിച്ചടി. അതേവർഷം കോഴിക്കോട് നടന്ന സിപിഎം സംസ്ഥാനസമ്മേളനത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 2 വോട്ടുകൾക്ക് നായനാരോട് പരാജയപ്പെട്ടു. പക്ഷേ, 1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വി.എസ്. തന്റെ എതിരാളികളെ വെട്ടിനിരത്തി പാർട്ടിയിലെ മേധാവിത്വം ശക്തമാക്കി. പിന്നീട് സിപിഎമ്മിനുള്ളിലെ സ്വാധീനം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ പുറത്ത് ഒരു ജനകീയ പിന്തുണ അടിത്തറ കെട്ടിപ്പടുത്ത് അഴിമതിക്കും പരിസ്ഥിതി പ്രശ്‌നങ്ങൾക്കുമെതിരെ കുരിശുയുദ്ധം നടത്തി.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, വിഎസിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിച്ചു. പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും തെരുവിലെ പ്രതിഷേധങ്ങൾ തീരുമാനത്തെ മാറ്റിമറിച്ചു. മലമ്പുഴയിൽ നിന്ന് വിജയിച്ച് മുഖ്യമന്ത്രിയായി.
പിണറായിയുമായുള്ള തർക്കം പരസ്യവെല്ലുവിളിയിലെത്തിയപ്പോൾ ഇരുവരെയും പിബിയിൽ നിന്ന് പുറത്താക്കി. പിന്നീട് തിരിച്ചെടുത്തു. പക്ഷെ വിഎസ് അടങ്ങിയില്ല. പിണറായി ഉൾപ്പെട്ട എസ്എൻസി-ലാവലിൻ കേസിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. 2009 ജൂലൈ 11-ന് വിഎസിനെ വീണ്ടും പിബിയിൽ നിന്ന് പുറത്താക്കി. അതിന് ശേഷം വിഎസ് ഒരിക്കലും പിബിയിലേക്ക് മടങ്ങിയില്ല.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പാർട്ടി നിലപാടുകൾക്കെതിരായിരുന്നു വി എസിൻ്റെ പോരാട്ടം. നേതൃത്വത്തിന്റെ പരസ്യ വിമർശനത്തിനും കാരണമായെങ്കിലും അതൊന്നും വകവയ്ക്കാതെ വിഎസ് നെയ്യാറ്റിൻകര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസം ടിപിയുടെ വീട് സന്ദർശിച്ചു. നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന വിഎസിൻ്റെ പരാതികൾ ഓരോന്നും പരസ്യ ചർച്ചയായി.
2015-ൽ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന്, വി.എസ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സംസ്ഥാന കമ്മിറ്റി ഒരു പ്രമേയം പാസാക്കി. ആരോപണങ്ങൾ തള്ളിക്കളഞ്ഞ വിഎസ് സമ്മേളന വേദിയിൽ നിന്നിറങ്ങിപ്പോയി. പുതിയ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വി എസിനെ മാറ്റി നിർത്തി കൊണ്ടായിരുന്നു പാർട്ടി നേതൃത്വം മറുപടി നൽകിയത്
2016-ലെ തിരഞ്ഞെടുപ്പിൽ, പിണറായിക്കൊപ്പം വി.എസ്. പ്രചാരണത്തിന് നേതൃത്വം നൽകിയെങ്കിലും, അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. നിയമസഭാ രാഷ്ട്രീയത്തിൽ പിണറായി യുഗത്തിന്റെ തുടക്കമായിരുന്നു അത്. പാർട്ടി തീരുമാനം വി.എസിനെ ബോധ്യപ്പെടുത്താൻ അന്ന് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ പിബി ചുമതലപ്പെടുത്തി. സീതാറാം നേരിട്ടെത്തി പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു. പാർട്ടിക്ക് വഴങ്ങിയ വി എസിനെ അന്ന് കേരളത്തിൻ്റെ ഫിഡൽ കാസ്ട്രോയെന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്
Leave feedback about this