loginkerala archive
‘മോഹന്‍ലാലിന്റെയും എന്റെയും ശരീരത്തിലൂടെ പുഴു നുരയ്ക്കുന്നുണ്ടായിരുന്നു’; കിരീടത്തിന്റെ ഓര്‍മ്മകളില്‍ കുണ്ടറ ജോണി
archive lk-special

‘മോഹന്‍ലാലിന്റെയും എന്റെയും ശരീരത്തിലൂടെ പുഴു നുരയ്ക്കുന്നുണ്ടായിരുന്നു’; കിരീടത്തിന്റെ ഓര്‍മ്മകളില്‍ കുണ്ടറ ജോണി

ഏറെ ഞെട്ടലോടെയായിരുന്നു മലയാള സിനിമ ലോകം നടൻ കുണ്ടറ ജോണിയുടെ വിയോഗ വാർത്ത കേട്ടത്. ക്രൂരനായ വില്ലനായും കുടുകുടെ ചിരിപ്പിക്കുന്ന ഗുണ്ടയായും, സഹനടനായും ഒക്കെ മലയാളി മനസുകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ജോണി ജോസഫ് എന്ന കുണ്ടറ ജോണി.

1979-ൽ ‘നിത്യവസന്ത’ത്തിലൂടെയാണ് ജോണി സിനിമയിലേയ്ക്ക് എത്തുന്നത്.

ആറാം തമ്പുരാൻ, നാടോടിക്കാറ്റ്, സ്ഫടികം, ​ഗോഡ്ഫാദർ, കിരീടം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം കുണ്ടറ ജോണിയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. 

 വില്ലന്‍ വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി ശ്രദ്ധ നേടുന്നത്. ഓണ്‍ സ്‌ക്രീനില്‍ പേടിപ്പിക്കുന്ന വില്ലനായിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ സൗമ്യനായ, എപ്പോഴും ചിരിക്കുന്ന മുഖത്തിന്റെ ഉടമയായിരുന്നു കുണ്ടറ ജോണി.

കുണ്ടറ ജോണിയെന്ന നടനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന ചിത്രമായിരിക്കും കിരിടീം. ഈയ്യടുത്ത് കിരീടത്തില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സംഘട്ടന രംഗത്തെക്കുറിച്ച് കുണ്ടറ ജോണി മനസ് തുറന്നിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

”കിരീടത്തിലെ ആ ഫൈറ്റ് സീന്‍ തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണു ചിത്രീകരിച്ചത്. വേസ്റ്റൊക്കെ ഇടുന്ന സ്ഥലമാണ്. ബ്രേക്കില്ലാതെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു ഷൂട്ട്. കാപ്പിയും ബിസ്‌കറ്റുമൊക്കെ മറ്റുള്ളവര്‍ വായില്‍ വച്ചു തരും. കൈയും ദേഹവും എല്ലാം അഴുക്കായിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു” എന്നായിരുന്നു കുണ്ടറ ജോണി പറഞ്ഞത്.

ഇതോടെ ലൊക്കേഷന്‍ മാറ്റണമോ എന്ന് സംവിധായകന്‍ ചോദിച്ചുവെങ്കിലും അവിടെ വച്ച് തന്നെ ഷൂട്ട് ചെയ്യാന്‍ താനും മോഹന്‍ലാലും തയ്യാറായിരുന്നുവെന്നാണ് കുണ്ടറ ജോണി പറഞ്ഞത്. ഷൂട്ട് കഴിഞ്ഞതോടെ ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കിരീടം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി മാറിയതോടെ കുണ്ടറ ജോണിയ്ക്കും കയ്യടി നേടാനായി.

പിന്നീട് കിരീടം തെലുങ്കിലേക്കും തമിഴിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതേസമയം, മലയാളത്തില്‍ വെറും രണ്ടര മണിക്കൂറില്‍ ഷൂട്ട് ചെയ്ത ഈ രംഗം ചിത്രീകരിക്കാന്‍ തെലുങ്കില്‍ എടുത്തത് ആറ് ദിവസമാണെന്നും കുണ്ടറ ജോണി ചൂണ്ടിക്കാണിച്ചിരുന്നു. കുണ്ടറ ജോണിയെ മലയാളത്തിന് അപ്പുറത്തേക്ക്, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കുമൊക്കെ എത്തിക്കാന്‍ സഹായിച്ച സിനിമയാണ് കിരീടം

Exit mobile version