അമൃത്സര്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിനുശ്രമിച്ച ഇന്ത്യക്കാരെ ഇത്തവണ എത്തിച്ചതും കൈവിലങ്ങണിയിച്ച്. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് വിമാനത്തിലെത്തിച്ചത്. ഇതേപോലെ തന്നെയാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്.
ഇവരെ ഇന്ത്യയിലെത്തിച്ചതിനുശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര് വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്.
കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. എന്നാല്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ അമേരിക്ക മാറ്റം വരുത്തിയില്ല.
119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ജമ്മു കാഷ്മീരിർ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്.