അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന് ക്ഷണം. ദീർഘ നാളുകളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. വിശിഷ്ടാതിഥിയായാണ് സുധാകരനെ കെ.സി. വേണുഗോപാൽ എംപിക്കൊപ്പം ചടങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10:30യ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ‍്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.എം. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി. പ്രസാദ് എന്നിവരും പങ്കെടുക്കും. സുധാകരൻ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് 38 കോടി രൂപ വകയിരുത്തി പാലം പണി ആരംഭിച്ചത്. പിന്നീട് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം 22 കോടി രൂപ കൂടി അനുവദിച്ച് പൂർത്തിയാക്കുകയും ചെയ്തു.
